മൂന്ന് മുഖങ്ങള്‍ക്കപ്പുറം

 In Interviews

മൂന്ന് മുഖങ്ങള്‍ക്കപ്പുറം
എസ്. കൃഷ്ണകുമാര്‍ / നേമം പുഷ്പരാജ്

ചിത്രകാരന്‍, കലാസംവിധായകന്‍, ചലച്ചിത്ര സംവിധായകന്‍ – പുഷ്പരാജിന്റെ കലാജീവിതത്തിന് മൂന്ന് മുഖങ്ങളാണുള്ളത്. പക്ഷേ, ആ കലാവ്യക്തിത്വത്തിന് മറ്റൊരു അന്തര്‍മുഖമുണ്ട്. അത് രാഷ്ട്രീയദര്‍ശനത്തില്‍ നിന്ന് രൂപം പ്രാപിച്ച ഒന്നാണ്. എന്നാല്‍, പുരോഗമന കലാദര്‍ശനത്തിന്റെ പ്രകടനപരത അതില്‍ തീരെ ഇല്ലതാനും. സന്ദേശാത്മകമായിരിക്കുമ്പോഴും അത് ആഴമുള്ള സന്ദേഹങ്ങള്‍ അവശേഷിപ്പിക്കുന്ന ഒരു ആവിഷ്‌കാരശൈലിയെയാണ് പിന്തുടരുന്നത്. ചിന്തയും ഭാഷയും അതില്‍ ഒരുപോലെ ഗഹനമാകുന്നു. ആ ആഴങ്ങള്‍ തേടിയുള്ള യാത്ര ഏതാനും ചോദ്യങ്ങളിലൊതുക്കുക ദുഷ്‌ക്കരം. ഇത് ഈ യാത്രയ്‌ക്കൊരു ആമുഖം മാത്രം.

  • ചിത്രകാരനെന്ന നിലയില്‍ ഏതുതരം ചിത്രങ്ങളോടാണ് താത്പര്യം?

ഒരുപാട് പരീക്ഷണങ്ങള്‍ നടന്നിട്ടുള്ള ഒരു രംഗമാണ് ചിത്രകല. ഇവിടെ എന്ത് പരീക്ഷണമാണ് നടന്നിട്ടുള്ളതെന്ന ചോദ്യം അപ്രസക്തമാണ്. ചിത്രഭാഷ അതിരുകള്‍ക്കതീതമാണ്. അതുകൊണ്ട് ലോകത്തെവിടെ നടന്നിട്ടുള്ള പരീക്ഷണങ്ങളും അന്യമായി കാണേണ്ടതില്ല.
ആ മാറ്റങ്ങളുടെ തുടര്‍ച്ചയോ ഭാഗമോ ഒക്കെത്തന്നെയാണ് ഇന്നത്തെ ഏതൊരു കലായാത്രയും.
ഒരു പ്രദേശത്തെ ശൈലിയും കണ്ടെത്തലുകളും വിജ്ഞാനവും ഏതാനും മലനിരകള്‍ക്കും നദികള്‍ക്കുമിടയിലെ ഭൂപ്രദേശത്തിന്റേതുമാത്രമായി ഒതുങ്ങിയിരുന്ന കാലത്തുനിന്നും ലോകം മുഴുവന്‍ വിരല്‍തുമ്പിലെത്തിനില്‍ക്കുന്ന ഈ കാലത്ത് ഏതുമാറ്റവും ഏതുപരീക്ഷണങ്ങളും നമ്മുടേതൊക്കെയായി മാറുന്നു.
പരമ്പരാഗതചിത്രകലാശൈലികളെ മറികടന്ന് ചിത്രരചന വ്യക്തിപരമാകാന്‍ തുടങ്ങുന്നതോടെയാണ് ചിത്രകലയില്‍ മാറ്റത്തിന്റെ വിസ്‌ഫോടനം ഉണ്ടാകുന്നത്.
പറയാനുള്ളത് പറയുവാന്‍ കഴിയുന്ന ഒരു മാധ്യമം എന്ന നിലയ്ക്കാണ് ഞാന്‍ ചിത്രകലയെ കാണുന്നത്. അതിന് സ്വീകരിക്കുന്ന വഴികളില്‍ നമുക്ക് മുന്നിലൂടെ കടന്നുപോയ ഏതൊരു ചിത്രകലാശൈലിയും ഒരുപക്ഷേ സ്വാധീനിച്ചേക്കാം.

  • ആധുനിക കാലത്ത് റിയലിസ്റ്റിക് ചിത്രകല അന്യംനിന്ന മട്ടാണല്ലോ. അവ റിയലിസ്റ്റിക്കായി വരയ്ക്കാന്‍ പറ്റാത്തവരുടെ ഒളിച്ചോട്ടങ്ങളാണെന്ന വാദം പക്ഷേ, ഇന്നും അസ്തമിച്ചിട്ടില്ല. റിയലിസ്റ്റിക് ചിത്രകലയെക്കുറിച്ചുള്ള താങ്കളുടെ സങ്കല്‍പ്പവും സമീപനവും എന്താണ്?

ഫോട്ടോഗ്രാഫിയുടെ വളര്‍ച്ച റിയലിസ്റ്റിക് ചിത്രരചനയെ അപ്രസക്തമാക്കിയിരിക്കുന്നു. ഇന്നിപ്പോള്‍ ഹംസദമയന്തിയുടെയോ ശകുന്തളയുടെയോ ചിത്രം വരയ്‌ക്കേണ്ടിവരുന്നില്ല. നല്ല മോഡലിനെ നന്നായി ലൈറ്റപ് ചെയ്ത്, ക്യാമറയില്‍ പകര്‍ത്തി, വേണ്ട വലിപ്പത്തില്‍ പ്രിന്റെടുക്കാം. അതുകൊണ്ട് രവിവര്‍മയുടെ ശകുന്തളയ്‌ക്കോ ഹംസദമയന്തിക്കോ പ്രസക്തി ഇല്ല എന്നല്ല പറയുന്നത്. അത് വിലയിരുത്തേണ്ടത് ഏതുകാലത്ത് വരച്ചു എന്ന് നോക്കിയാവണം. അന്ന് അവ പ്രസക്തമായിരുന്നു. ആ കാലത്തെ രചന എന്ന നിലയില്‍ ഇന്നും അവയുടെ പ്രസക്തി വര്‍ധിക്കുന്നുമുണ്ട്. പക്ഷേ, ഇന്ന് അത്തരം രചനയ്ക്ക് മുതിരുന്നത് അപ്രസക്തമാണ്.

  • ദുര്‍ഗ്രഹത പലപ്പോഴും ഒരു കള്ളനാണയമാകാറില്ലേ?

കണ്ണുകൊണ്ട് വായിക്കുന്ന ചിത്രങ്ങളും അകക്കണ്ണുകൊണ്ട് വായിക്കുന്ന ചിത്രങ്ങളുമുണ്ട്. ഒരു സൂപ്പര്‍ മാര്‍ക്കറ്റിന് മുന്നിലൂടെ പല പ്രാവശ്യം കടന്നുപോയി എന്നതുകൊണ്ട് സൂപ്പര്‍മാര്‍ക്കറ്റിനുള്ളില്‍ എന്താണുള്ളത് എന്ന് അറിഞ്ഞുകൊള്ളണമെന്നില്ല. ചിത്രങ്ങളുടെ ബാഹ്യതലത്തിലൂടെ കടന്നുപോകുമ്പോഴും ഇതുതന്നെയാണ് സംഭവിക്കുന്നത്. ചിത്രത്തിന് അതിന്റേതായ ഭാഷയുണ്ട്. ചിത്രം മൗനമായ കവിതയാണ്. മഹത്തായ കഥകളി നല്ലതെന്ന് പറയുമ്പോഴും അതെത്രപേര്‍ ആസ്വദിക്കുന്നുണ്ട്? പലപ്പോഴും ‘കുടിച്ചിട്ട് ഇട്ട് താ’ എന്ന് പറയുന്നപോലെ കണ്ടിരിക്കയല്ലേ നാം. എന്നാല്‍, കഥകളിയിലെ മുദ്രകള്‍ മനസ്സിലാക്കിയിട്ടാണ് നാം കാണുന്നതെങ്കിലോ? തീര്‍ച്ചയായും നാം അതില്‍ അലിഞ്ഞില്ലാതെയാകും. ആധുനിക ചിത്രകലയും അങ്ങനെതന്നെയാണ്. എല്ലാ ആധുനികചിത്രങ്ങളും മഹത്തരമെന്നല്ല. ഏതൊരു കലയിലുമുള്ളതുപോലെ കള്ളനാണയങ്ങള്‍ ചിത്രകലയിലുമുണ്ട്. അത് കണ്ടെത്താന്‍ കലാപരിജ്ഞാനമാവശ്യമാണ്.

  • ഒരേ സമയം ചിത്രകാരനും സിനിമയുടെ കലാസംവിധായകനുമായി പ്രവര്‍ത്തിക്കുന്നു. ഇതിനിടയില്‍ പുസ്തകങ്ങള്‍ക്ക് കവര്‍ചിത്രങ്ങള്‍ വരയ്ക്കുന്നു, പോസ്റ്റര്‍ ഡിസൈന്‍ ചെയ്യുന്നു, ശില്‍പ്പങ്ങള്‍ ചെയ്യുന്നു. ശുദ്ധകലയും കച്ചവടകലയും ഒരുമിച്ച് കൊണ്ടുപോകുന്നതില്‍ പൊരുത്തക്കേടില്ലേ?

കല ഒന്നേ ഉള്ളൂ. നാം നമ്മുടെ സൗകര്യത്തിനാണ് ഇത്തരത്തില്‍ വേര്‍തിരിച്ചിരിക്കുന്നത്. പെയിന്റിങ് നല്ല വിലയ്ക്ക് വിറ്റുപോകുമ്പോള്‍ അത് കച്ചവടകലയാകുന്നു. ഏതൊരു കലാ പ്രവൃത്തിയോടും ആത്മാര്‍ഥമായി സമീപിച്ചാല്‍ കല ശുദ്ധമാകും. പിന്നെ, സിനിമയിലെ കലാസംവിധാനം എന്നെ സംബന്ധിച്ചിടത്തോളം കഥയ്ക്ക് ചിത്രം വരയ്ക്കുംപോലെയാണ്. കഥ മോശമാകുമ്പോള്‍ ചിത്രവും മോശമാകും. പെയിന്റിങ്ങുകള്‍ മൗലികരചനകളാകുന്നു. ഇലസ്‌ട്രേഷന്‍സ് മറ്റൊന്നിനോട് കടപ്പെട്ടിരിക്കുന്നു. സിനിമയിലെ കലാസംവിധാനം ആ സിനിമയുടെ കഥയോടും സംവിധായകനോടും കടപ്പെട്ടിരിക്കുന്നു. കഥ ആവശ്യപ്പെടുന്ന പശ്ചാത്തലമാണ് ഒരുക്കേണ്ടത്. ഒരു ക്യാന്‍വാസില്‍ ചിത്രം വരയ്ക്കുമ്പോള്‍ അറിയാതെ വന്നുപോകുന്ന ഒരു കോമ്പോസിഷനുണ്ട്; സന്തുലനാവസ്ഥ. ഇത് സിനിമയുടെ കലാസംവിധാനത്തിലും സംഭവിക്കുന്നുണ്ട്. ദ്വിമാനതലം വിട്ട് ത്രിമാനതലത്തിലേക്ക് മാറുന്നു എന്ന വ്യത്യാസം. ഇത് എല്ലാ ഫ്രെയിമിലും സംഭവിക്കുന്ന കാര്യമല്ല. അതുകൊണ്ടാണ് മികച്ച സംവിധായകരുടെ പല ചിത്രങ്ങളിലും മികച്ച ഫ്രെയിമുകള്‍ കാണാനാകുന്നത്.

  • രാഷ്ട്രീയമുഴക്കങ്ങളുള്ള ചിത്രങ്ങളാണല്ലോ അധികവും. പലതും പ്രത്യക്ഷതലത്തില്‍ത്തന്നെ സമകാലിക രാഷ്ട്രീയത്തിലെ നാനാര്‍ഥങ്ങളെ ധ്വനിപ്പിക്കുന്നുമുണ്ട്. കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് ഇതിണങ്ങുന്നതാണ്. പക്ഷേ, ഒരു ചിത്രകാരന് ഈ മട്ടില്‍ രാഷ്ട്രീയ പ്രതിപത്തി കാണിക്കേണ്ടതുണ്ടോ?

ചിത്രകാരനെന്നത് അവന്‍ ചിത്രം വരച്ചാലേ ഉള്ളൂ. ആദ്യം അവന്‍ മനുഷ്യനും സാമൂഹ്യജീവിയുമാണ്. സമൂഹത്തില്‍ നടക്കുന്നത് അവന്‍ അറിയുന്നില്ലെങ്കില്‍, അതില്‍ നല്ലത് അവനെ സന്തോഷിപ്പിക്കുകയും കെട്ടത് അവനെ വേദനിപ്പിക്കുകയും ചെയ്യുന്നില്ലെങ്കില്‍, അവന് എന്തോ സാരമായ കുഴപ്പമുണ്ടെന്നാണ് കരുതേണ്ടത്. തന്നെ സ്പര്‍ശിക്കുന്നതിനോടാണ് ആരും ആദ്യം പ്രതികരിക്കുന്നത്. സമൂഹത്തെ മുഴുവന്‍ നയിക്കേണ്ടവന്‍ രാഷ്ട്രീയക്കാരനാണ്. അവന്റെ നെറികേട് സമൂഹത്തിന്റെ ജീര്‍ണതയും നാശവുമാണ്. അന്ധനായ വഴികാട്ടിയുടെ പൊള്ളത്തരം പലപ്പോഴും വേദനയും അസ്വസ്ഥതയുമാകാറുണ്ട്.
അവന്റെ ഉച്ഛിഷ്ടഭോജികളെക്കൊണ്ട് ഈ നെറികേടുകള്‍ നെറിയാണെന്നും നീതിമാന്മാരായവരെ നിരന്തരം കള്ളന്‍ കള്ളനെന്ന് പറഞ്ഞ് ജനങ്ങളെ ഒന്നും വിശ്വസിക്കാത്തവരാക്കി അല്ലെങ്കില്‍, എല്ലാം വിശ്വസിക്കുന്നവരാക്കി മാറ്റുകയും ചെയ്യുന്ന ഒരവസ്ഥയിലേക്ക് കൊണ്ടെത്തിക്കുമ്പോള്‍ ഈ നെറികെട്ടവര്‍ക്കായി ഓരോ സ്മാരകം തീര്‍ത്ത് ഞാനെന്റെ മനസ്സിനെ ശാന്തമാക്കുകയാണ്, സമാധാനിപ്പിക്കുകയാണ്.

  • നമ്മുടെ ചിത്രകലയുടെ സമകാലിക അവസ്ഥ എന്താണ്?

ചിത്രകലയെ നമ്മുടെ ചിത്രകല, പാശ്ചാത്യരുടെ ചിത്രകല എന്ന് വേര്‍തിരിച്ചിരുന്ന കാലം പൂര്‍ണമായും കഴിഞ്ഞിരിക്കുന്നു. ചിത്രരചന വ്യക്തിപരമായ കണ്ടെത്തലായി മാറിയിരിക്കുന്നു. നമ്മുടേതെന്ന് പറയാമായിരുന്ന കേരളീയ ചുവര്‍ചിത്രശൈലിപോലുള്ള ഒരു സംഘടിത ശൈലി ഇനി എളുപ്പമല്ല. നമ്മുടെ ചിത്രകലയുടെ സമകാലിക അവസ്ഥ ലോകത്തെവിടെയും സംഭവിക്കുന്ന അവസ്ഥ തന്നെയാണ്.

  • അക്കാദമിക് ചിത്രകലാപഠനകാലം താങ്കളിലെ ചിത്രകാരന്‍ ഇന്ന് എങ്ങനെ വിലയിരുത്തുന്നു?

ഒരു കലാശാലയും പുതുതായൊരു കലാകാരനെ സൃഷ്ടിക്കുന്നില്ല. പക്ഷേ, ഉള്ള കരുത്ത് വര്‍ധിപ്പിക്കുവാനും ലോകചിത്രകലയെയും തന്റെ മണ്ണിനെയും തിരിച്ചറിയുവാന്‍ പ്രാപ്തനാക്കുവാനും ഇത്തരം പഠനങ്ങള്‍ക്ക് കഴിയുന്നു. തിരുവനന്തപുരം കോളെജ് ഒഫ് ഫൈന്‍ ആര്‍ട്‌സിന്റെ ഏറ്റവും നല്ല കാലഘട്ടത്തിലാണ് ഞാനവിടെ പഠിച്ചത്. പ്രശസ്ത ചിത്രകാരന്‍ കെ.വി. ഹരിദാസനായിരുന്നു പെയിന്റിങ് ഡിപ്പാര്‍ട്ടുമെന്റ് തലവന്‍. കാനായി കുഞ്ഞിരാമന്‍ പ്രൊഫസറായിരുന്നു. ബംഗാളിലെയും ബറോഡയിലെയും മദ്രാസിലെയും ഫൈനാര്‍ട്‌സ് കോളെജുകളിലെ പ്രഗല്‍ഭരായ പല ചിത്ര അധ്യാപകരെയും വിസിറ്റിങ് പ്രൊഫസര്‍മാരായി കൊണ്ടുവരാന്‍ പ്രിന്‍സിപ്പലായിരുന്ന പൊറിഞ്ചുകുട്ടിസര്‍ ശ്രദ്ധിച്ചിരുന്ന കാലമായിരുന്നു. ബംഗാളികളായ സ്ഥിരം അധ്യാപകര്‍ കോളെജില്‍ത്തന്നെ ഉണ്ടായിരുന്നു.

  • ആര്‍ട്ടിസ്റ്റും ആര്‍ട് ഡയറക്ടറും മാത്രമല്ല, ഒരു ആര്‍ട് എഡിറ്ററുംകൂടിയാണല്ലോ താങ്കള്‍. അതിനെപ്പറ്റി?

സംസ്ഥാന സര്‍വവിജ്ഞാനകോശത്തില്‍ ആര്‍ട് എഡിറ്ററായാണ് ഞാന്‍ ജോലി ചെയ്യുന്നത്. അത് ശരിക്കും ആസ്വദിക്കുന്നുണ്ട്. മലയാള വിജ്ഞാനകോശ നിര്‍മാണത്തിന്റെ ഭാഗമാകുവാന്‍ കഴിയുന്നതില്‍ അഭിമാനമുണ്ട്. ആര്‍ട് എഡിറ്റര്‍ എന്ന നിലയില്‍ ലേഖനങ്ങള്‍ മുഴുവന്‍ വായിക്കുവാന്‍ കഴിയുന്നതും അവയ്ക്ക് വേണ്ടുന്ന ചിത്രങ്ങള്‍ ശേഖരിക്കുവാന്‍ മറ്റ് പുസ്തകങ്ങള്‍ റഫര്‍ചെയ്യേണ്ടിവരുന്നതും വളരെ ആനന്ദം തരുന്ന ജോലിയാണ്. മാത്രമല്ല, എന്റെ സഹപ്രവര്‍ത്തകരുടെയും മാറിമാറി വരുന്ന ഡയറക്ടര്‍മാരുടെയും പൂര്‍ണപിന്തുണ ലഭിക്കുന്നതും കലാപ്രവര്‍ത്തനങ്ങളിലെ ഊര്‍ജമായി മാറുന്നു.

  • ‘ഗൗരീശങ്കരം’പോലെ വളരെ ശ്രദ്ധിക്കപ്പെടുകയും ഒട്ടേറെ അവാര്‍ഡുകള്‍ നേടുകയും ചെയ്ത ഒരു ചലച്ചിത്രം സംവിധാനം ചെയ്തിട്ടും സംവിധാനത്തില്‍ മാത്രം ശ്രദ്ധിക്കാതെ, കലാസംവിധാനം ചെയ്യാന്‍ വീണ്ടും തയ്യാറായതെന്തുകൊണ്ട്?

തീര്‍ച്ചയായും കലാസംവിധാനം മോശമായ ഒരു പ്രവൃത്തിയാണെന്ന് തോന്നിയിട്ടില്ല. സംവിധാനമെന്നത് അവസാനവാക്കാണെന്നും എനിക്ക് അഭിപ്രായമില്ല. എന്റെ പരിമിതികള്‍ ഞാന്‍ പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇവിടെ ആരും ഒന്നും അനിവാര്യമല്ല.

  • കലാസംവിധാനത്തിന് ചലച്ചിത്രത്തിലുള്ള സ്ഥാനമെന്താണ്?

കൃത്യമായി പറഞ്ഞാല്‍, എന്റെ വിശ്വാസവും അനുഭവവും ഇതാണ്: സ്‌ക്രിപ്റ്റ്, സംവിധായകന്‍, സിനിമാട്ടോഗ്രാഫര്‍ ഇവ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനം കലാസംവിധായകനുള്ളതാണ്. സിനിമ തോന്നിപ്പിക്കലിന്റെ കലയാണ്. ഈ തോന്നിപ്പിക്കലിന് ശക്തമായ പശ്ചാത്തലം ഒരുക്കേണ്ടത് കലാസംവിധായകനാണ്.
ഒരു ചിത്രം ഷൂട്ടിങ് തുടങ്ങുന്നതിന് മുമ്പ് കലാസംവിധായകന്റെ ജോലി തുടങ്ങുകയാണ്. പശ്ചാത്തലം ഒരുക്കിയാല്‍ മാത്രമേ ക്യാമറ ചലിപ്പിക്കുവാനാകൂ. ചിത്രത്തില്‍ നാം കാണുന്ന ഓഫീസുകളും വീടുകളും ആശുപത്രികളും പൊലീസ് സ്റ്റേഷനുകളും ഒക്കെ കഥയ്ക്കനുയോജ്യമായ രീതിയില്‍ ഷൂട്ട് ചെയ്യുവാനുള്ള സൗകര്യങ്ങളോടെ കൃത്രിമമായി തയ്യാറാക്കുന്നതായിരിക്കും. കഴിയുന്നത്ര സ്വാഭാവികത തോന്നുന്ന തരത്തിലായിരിക്കും ഇവ തയ്യാറാക്കുന്നത്. അതുകൊണ്ടുതന്നെ, അതീവ സൂക്ഷ്മതയോടെ സൃഷ്ടിക്കപ്പെടുന്ന ഇത്തരം സെറ്റുകള്‍ സാധാരണ പ്രേക്ഷകന്‍ അറിയാതെ പോകുന്നു. സംഘട്ടനരംഗങ്ങളില്‍ തകര്‍ന്നുവീഴുന്നവ, മരശിഖരം പോലെയും ഇരുമ്പ് ഉപകരണങ്ങള്‍ പോലെയും തോന്നിക്കുന്നവ, എന്തിന്, ആന ഒരാളെ തുമ്പിക്കൈകൊണ്ടടിക്കേണ്ടതുണ്ടെങ്കില്‍ ആ തുമ്പിക്കൈയും ആന ചവിട്ടുന്ന രംഗമുണ്ടെങ്കില്‍ ആനയുടെ കാലും കൃത്രിമമായുണ്ടാക്കേണ്ടതും കലാസംവിധായകനാണ്. കൂറ്റന്‍ കെട്ടിടങ്ങള്‍ തകര്‍ന്നുവീഴുകയോ സ്‌ഫോടനത്തില്‍ തകരുകയോ ചെയ്യുന്നത് കാണിക്കുമ്പോള്‍, ഒരു നഗരത്തിലോ ഗ്രാമത്തിലോ പ്രളയം വരുന്നതു ചിത്രീകരിക്കേണ്ടിവരുമ്പോള്‍, യഥാര്‍ഥ കെട്ടിടങ്ങളുടെയും നഗര-ഗ്രാമങ്ങളുടെയും മിനിയേച്ചര്‍ സൃഷ്ടിക്കേണ്ടതും കലാസംവിധായകനാണ്. (ഇന്ന് പലതും ഗ്രാഫിക്‌സില്‍ സാധ്യമാണ്.) പക്ഷേ ഇത്, ബഹുഭൂരിപക്ഷംപേരും അറിയാതെ പോകുന്നു. ഒരു തംബുരുവിന്റെ ശ്രുതിയിലൂടെ നാം സംഗീതത്തിന്റെ സാന്നിധ്യമറിയുന്നു. നാല് വരി ഗാനത്തിലൂടെ നാം ഗാനരചയിതാവിനെയും അറിയുന്നു. സ്വാഭാവികതയോടെ കലാധര്‍മം നിര്‍വഹിക്കുന്ന കലാസംവിധായകനെ നാം അറിയാതെ പോകുന്നു. അവന്‍ അറിയുന്നതോ? നിറപ്പൊലിമയോടെ യാഥാര്‍ഥ്യങ്ങളില്‍നിന്നകന്ന് പശ്ചാത്തലമൊരുക്കുമ്പോഴും.

  • അവാര്‍ഡുകളെ എങ്ങനെ കാണുന്നു?

അവാര്‍ഡുകള്‍ എപ്പോഴും മുന്നോട്ടുള്ള യാത്രയില്‍ ഊര്‍ജം നല്‍കുന്നുണ്ട്. പക്ഷേ, അവാര്‍ഡുകള്‍ ഒരിക്കലും പൂര്‍ണമായും അര്‍ഹതപ്പെട്ടവര്‍ക്കാണ് ലഭിക്കുന്നതെന്ന് പറയുവാനാകില്ല. വിധി നിര്‍ണയിക്കുന്ന ഏതാനുംപേരുടെ കാഴ്ചപ്പാടും വിലയിരുത്തലും മാത്രമാണ് അവാര്‍ഡുകള്‍.

  • തത്ത്വചിന്താപരമായ വീക്ഷണം ‘യുദ്ധം’, ‘ലൈഫ്’ എന്നീ ചിത്രങ്ങളില്‍ കാണുന്നുണ്ടല്ലോ?
    യുദ്ധത്തിനും ജീവിതത്തിനുമിടയിലെ ഒരു ദാര്‍ശനിക സമസ്യയ്ക്കായുള്ള അന്വേഷണം – ചിത്രങ്ങള്‍ ആ തലം കൈവന്നതെങ്ങനെയായിരിക്കാം?

ജീവിതത്തെയും ചുറ്റുപാടുകളെയും പല സാഹിത്യകാരന്മാരും അവരവരുടേതായ കാഴ്ചപ്പാടുകളിലൂടെ കണ്ടിട്ടുണ്ട്. ഞാനും എന്റെ കാഴ്ചയിലൂടെ നോക്കിക്കാണുകയാണ്; അറിയാത്തത് അന്വേഷിക്കുകയാണ്. എന്റെ അറിവില്ലായ്മകളാണ് ഞാന്‍ ചിത്രതലത്തില്‍ നിരത്തുന്നത്. നിരത്തിക്കഴിയുമ്പോള്‍ അവ എനിക്കുള്ള ഉത്തരങ്ങളാകുന്നു. പെട്ടെന്ന് അവ എനിക്കന്യമായിത്തീരുകയും ചെയ്യുന്നു. പലപ്പോഴും വരച്ച്, കുറച്ചുനാള്‍ കഴിഞ്ഞ് കാണുമ്പോള്‍ എനിക്ക് തോന്നാറുള്ളത്, പരേതന്റെ ചിത്രങ്ങള്‍ എന്ന നിലയിലാണ്. അന്ന് വരച്ചപ്പോഴുള്ള വികാരവും ഞാനും അല്ല ഒരിടവേളയ്ക്കുശേഷം കാണുമ്പോള്‍ ഉണ്ടാവുക. അതെന്നെ നോക്കി പലതരത്തില്‍ ചോദ്യം ചെയ്യുന്നതായി തോന്നാറുണ്ട്. അപ്പോള്‍, അന്നത്തെ എന്നെയാണ് ഞാനന്വേഷിക്കാറ്. അയാള്‍ ഉണ്ടായിരുന്ന കാലമാണ് മനസ്സില്‍ നിറയുന്നത്. ജീവിതത്തിനും മരണത്തിനുമിടയിലുള്ള ഒരു ദാര്‍ശനികസമസ്യയായല്ല, ഒരു പരേതന്റെയും ഉണര്‍ന്നിരിക്കുന്നവന്റെയും കാഴ്ചള്‍ക്കിടയിലുള്ള സന്ദേഹങ്ങളായാണ് എനിക്കെന്റെ ചിത്രങ്ങള്‍ അനുഭവപ്പെടുക.

Recent Posts

Leave a Comment

Contact Us

We're not around right now. But you can send us an email and we'll get back to you, asap.

Not readable? Change text. captcha txt
0

Start typing and press Enter to search