പ്രതിവചനം

 In Interviews

പ്രതിവചനം
കലാകാരന്‍ നീതിയുടെയും
സത്യത്തിന്റെയും ഭാഗത്ത് നില്‍ക്കണം
ഡോ. രാജാ വാര്യര്‍ / നേമം പുഷ്പരാജ്

  • ദൃശ്യകല എന്ന നിലയില്‍ താങ്കളുടെ ചിത്രങ്ങളുടെ പ്രത്യേകതകള്‍ എന്തൊക്കെയാണ്? പ്രത്യയശാസ്ത്രങ്ങളോട് ഏതുതരം ആഭിമുഖ്യമാണുള്ളത്?

പുനര്‍വായിക്കപ്പെടുന്ന ഏതൊരു കൃതിക്കും (ചിത്രത്തിനും) ഓരോ കാലത്തോടും പുതതായെന്തെങ്കിലും പറയാനുണ്ടാകും. ചരിത്രാതീതകാലത്തെ സംസ്‌കാരം അടയാളപ്പെടുത്തിയിരുന്നത് ആ കാലത്തെ കലാസൃഷ്ടികളിലൂടെയാണ്. കാലത്തെ അടയാളപ്പെടുത്താന്‍ ശില്‍പ്പ ചിത്രകലകള്‍ക്കുള്ള പ്രത്യേകത സാഹിത്യത്തിനും മുകളിലാണെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. ചിത്രങ്ങള്‍ ചോരയും നീരുമുള്ള കുഞ്ഞുങ്ങളെപ്പോലെയാണ്. അവ അതിന്റേതായ ഭാഷയില്‍ സംസാരിച്ചുകൊണ്ടേയിരിക്കുന്നു. തര്‍ക്കിച്ചുകൊണ്ടിരിക്കുന്നു. ബാഹ്യസൗന്ദര്യമല്ല, ആന്തരികമായ ഉള്‍ക്കനത്തിലാണ് ചിത്രങ്ങള്‍ ജീവിക്കുന്നത്. കലാകാരന്‍ കലയിലൂടെ ശബ്ദിച്ചുകൊണ്ടിരിക്കുകയാണ്. കലാകാരന്‍ നീതിയുടെയും സത്യത്തിന്റെയും ഭാഗത്താണ് നില്‍ക്കേണ്ടത്. നിശബ്ദരാവുകയും സമരസപ്പെടുകയും ചെയ്യുന്നിടത്താണ് ഫാസിസം ആധിപത്യം സ്ഥാപിക്കുന്നത്. എന്റെ ചിത്രങ്ങള്‍ പലപ്പോഴും വസ്തുനിഷ്ഠമാണെന്നെനിക്കറിയാം. കാലത്തിന്റെ കൊടുംകാടുകളില്‍ അലഞ്ഞ് നടക്കുകയാണ് നമ്മുടെ കണ്ണും കാതും ചിന്തയും. ചിലതൊക്കെ യാത്രയില്‍ വഴിതടഞ്ഞ് നമുക്കുമുന്നില്‍ നിന്ന് ചില ചോദ്യങ്ങളുന്നയിക്കും. ചിലത് ഉറക്കം കെടുത്തും. ചിലത് കുത്തി മുറിവേല്‍പ്പിച്ചുകൊണ്ടിരിക്കും. അപ്പോള്‍ അവയ്ക്കുള്ള ഉത്തരം കണ്ടെത്താന്‍ ശ്രമിക്കും. അതാണെനിക്ക് എന്റെ ചിത്രങ്ങള്‍. കലയിലൂടെ, ആപേക്ഷികമെങ്കിലും സത്യത്തെ അന്വേഷിക്കുകയാണ്. എന്റെ ചിത്രങ്ങള്‍ എത്രപേരുമായി സംവദിക്കുന്നു എന്ന് എനിക്കറിയില്ല. പക്ഷേ, ചില സമാനമനസ്‌ക്കര്‍ അത് തിരിച്ചറിയുന്നുണ്ട്. അതുതന്നെയാണ്, ആ പങ്കിടല്‍തന്നെയാണ് ജീവിതത്തിനും സൃഷ്ടിക്കും അര്‍ഥം തരുന്നത്.
പ്രത്യയശാസ്ത്രങ്ങളെല്ലാം മനിഷ്യനന്മയിലൂന്നിയതാണ്. എല്ലാ പ്രത്യയശാസ്ത്രങ്ങളെയും ഞാന്‍ ബഹുമാനിക്കുന്നു. പക്ഷേ, അവ ഗ്രന്ഥങ്ങള്‍ക്കുള്ളില്‍ ഉറങ്ങിക്കിടക്കുമ്പോള്‍ അവയുടെ പ്രസക്തിതന്നെ ചോദ്യംചെയ്യപ്പെടും. അത് നടപ്പിലാക്കുന്നവരുടെ മാനസികാരോഗ്യം ഒരു വലിയ പ്രശ്‌നമാണ്. അവരുടെ കാഴ്ചപ്പാടും പ്രത്യയശാസ്ത്രങ്ങളുടെ പേരില്‍ നടക്കുന്ന കലാപങ്ങളും മതങ്ങളുടെ പേരില്‍ നടക്കുന്ന കലാപങ്ങളും തമ്മില്‍ വലിയ വ്യത്യാസങ്ങളൊന്നുമില്ല. പല പ്രത്യശശാസ്ത്രങ്ങളും ലോപിച്ച് മതമായി മാറുകയാണ്. ഓരോ കലാപവും രാഷ്ട്രശരീരത്തില്‍ ആഴമേറിയ മുറിവാണുണ്ടാക്കുന്നത്. അവയുടെ പാട് ഒരിക്കലും മായുന്നില്ല. കലാപങ്ങളില്‍ മരിക്കുന്നവര്‍ ഏറെയും നിരപരാധികളാണ്. കലാപംകൊണ്ട് ഒരു പ്രശ്‌നവും പരിഹരിക്കപ്പെടുന്നില്ല.

  • ചിത്രകാരന്, കലാകാരന് രാഷ്ട്രീയദര്‍ശനം ആവശ്യമുണ്ടോ?

രാഷ്ട്രീയദര്‍ശനം ചിത്രകാരന് മാത്രമല്ല, ദിശാബോധവും പൗരബോധവുമുള്ള ഏതൊരാള്‍ക്കും ആവശ്യമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കലാകാരന്‍ ആദ്യം സാമൂഹ്യജീവിയും പിന്നെ കലാകാരനുമാണ്. രാഷ്ട്രശരീരത്തില്‍നിന്നടര്‍ത്തിമാറ്റി ഒരാള്‍ക്കും ചിന്തിക്കാനാകില്ല. അങ്ങനെ ചിന്തിക്കുന്നെങ്കില്‍ അത് സ്വാര്‍ഥത നിറയുമ്പോള്‍ മാത്രമാണ്. അഴിമതിയിലൂടെ സ്വാര്‍ഥതാല്‍പ്പര്യങ്ങളിലൂടെ അവരാണ് ഈ സമൂഹത്തെ ദുഷിപ്പിക്കുന്നത്. അവരാണ് മൂല്യങ്ങളെ ചോര്‍ത്തിക്കളഞ്ഞ് സംസ്‌കാരത്തെ പൊള്ളയായ കൂടാക്കിമാറ്റുന്നത്. അഴിമതി എന്ന വാക്കിന്റെ അര്‍ഥംപോലും അപനിര്‍മിക്കപ്പെട്ടിരിക്കുന്നു. അഴിമതി ഇന്ന് മാന്യമായ അധികാരചിഹ്നവും ജാതിയും മതങ്ങളും വിലപേശുവാനുള്ള ശക്തമായ ആയുധവുമായി മാറിയിരിക്കുന്നു. ഏത് ഹീനമാര്‍ഗത്തിലൂടെ സമ്പന്നനായാലും അയാള്‍ക്ക് മാന്യനെന്ന പദവി മുമ്പുണ്ടായിരുന്നതല്ല. ഇന്ന് രാഷ്ട്രം അവരെയാണ് ആദരിക്കാന്‍ വെമ്പല്‍കൊള്ളുന്നത്. രാഷ്ട്രത്തെ നയിക്കുന്ന ബഹുഭൂരിപക്ഷവും അവര്‍ക്കുവേണ്ടിയാണ് നിലകൊള്ളുന്നത്. മൂലധനത്തിന്റെ ആര്‍ത്തിപൂണ്ട സമ്പാദനത്തിരക്കില്‍ തകര്‍ന്നടിയുന്നത് സംസ്‌കാരവും മൂല്യങ്ങളും മാത്രമല്ല. മഹത്തായ കലയും അതില്‍പ്പെടുന്നു. കല കെട്ടുകാഴ്ചയുടെ രൂപത്തിലേക്ക് രൂപാന്തരം പ്രാപിച്ചിരിക്കുന്നു. അര്‍ഥശൂന്യമായ കലാവ്യായാമങ്ങള്‍ വാഴ്ത്തപ്പെടുന്നു. അവയ്ക്കുവേണ്ടി മാധ്യമങ്ങള്‍ ആവശ്യത്തിലധികം സ്ഥലം മാറ്റിവയ്ക്കുന്നു. ഗ്യാലറി ഉടമകള്‍ അവര്‍ക്കുവേണ്ടുന്ന തരത്തില്‍ കലയെ മഹത്വവല്‍ക്കരിക്കുന്നു. സാമൂഹികനീതിയുടെ പക്ഷത്ത് നില്‍ക്കേണ്ട കലാകാരന്‍ കമ്പോളത്തിന്റെ കാവലാളാകുന്നു. തലതിരിഞ്ഞ രീതിയില്‍ കലാഭാസങ്ങള്‍കാട്ടി, അതാണ് മഹത്തായ കലയെന്ന് പുതുതലമുറയെ തെറ്റിദ്ധരിപ്പിക്കുന്നു. കലാബാഹ്യമായ വിവാദങ്ങള്‍ സൃഷ്ടിച്ച് സമ്പത്ത് കൊള്ളയടിക്കുവാനാണ് ഇവരുടെ ശ്രമം.

  • രാഷ്ട്രീയചിന്തകള്‍ താങ്കളുടെ സൃഷ്ടികളില്‍ എങ്ങനെയാണ് പ്രതിഫലിക്കുന്നത്?

നിങ്ങളുടെ സുഹൃത്തുക്കളാരാണെന്ന് പറയൂ. നിങ്ങളാരാണെന്ന് ഞാന്‍ പറയാം എന്നത് അര്‍ഥവത്താണ്. രാഷ്ട്രീയക്കാരുടെ സുഹൃത്തുക്കള്‍ ആരാണെന്ന് നോക്കൂ. അവരുടെ പശ്ചാത്തലം ശ്രദ്ധിക്കൂ. ആ ജനസേവകന്റെ ശരിയായ മുഖം നിങ്ങള്‍ക്ക് കാണുനാകും. രാഷ്ട്രീയക്കാരെ തങ്ങളടെ രക്ഷകരും ഭാവിയുടെ സ്രഷ്ടാക്കളുമായാണ് നാം കരുതുന്നത്. പക്ഷേ, അവരില്‍ ബഹുഭൂരിപക്ഷത്തിന്റെ വാക്കും മനസ്സും പ്രവൃത്തിയും ഇണങ്ങി നില്‍ക്കുന്നില്ല എന്നുതോന്നി നാള്‍ക്കുനാള്‍ ഏറിവരികയാണ്. അതുകൊണ്ടാണ് അവരെ സംശയത്തോടെ കാണുന്നത്.
അടിസ്ഥാനപരമായി സമൂഹത്തില്‍നിന്ന് മാറി ഒരു ചിന്ത എനിക്കില്ല. പരിസരത്തുനടക്കുന്ന ഏതൊരു സംഭവവും എന്നെ സ്പര്‍ശിക്കാറുണ്ട്. ആധുനിക വാര്‍ത്താവിനിമയ സൗകര്യങ്ങളുള്ള ഇക്കാലത്ത് പരിസരമെന്നത് ലോകംതന്നെയാണ്. അനീതിയും അഴിമതിയും അസത്യപ്രസ്താവനകളും, മറ്റുപലരേയുംപോലെ എന്നെയും വല്ലാതെ അസ്വസ്ഥനാക്കാറുണ്ട്. ലോകത്ത് മറ്റെന്തെല്ലാം വിഷയങ്ങളുണ്ട്. എന്തിനാണ് ഇതുമാത്രം ചിന്തിച്ചുകൊണ്ട് നടക്കുന്നതെന്ന് ഞാന്‍ സ്വയം ചോദിച്ചിട്ടുണ്ട്; തീവ്രവാദം, സ്ത്രീപീഡനം, പലതരം തട്ടിപ്പുകള്‍, പ്രകൃതി ചൂഷണങ്ങള്‍ എന്തുകൊണ്ട് അതിലൊന്നിലും ആകുലപ്പെടാതെ, രാഷ്ട്രീയക്കാരോടുമാത്രം രോഷംകൊള്ളുന്നുവെന്ന്. എന്റെ ചോദ്യങ്ങള്‍ക്ക് ഞാന്‍ കണ്ടെത്തിയ ഉത്തരം, ഇതിന് മുഴുവന്‍ കാരണക്കാര്‍ വഴിപിഴച്ച രാഷ്ട്രീയ നേതാക്കളാണെന്നാണ്. അവര്‍ ഒന്ന് ശരിയായി നില്‍ക്കട്ടെ, സര്‍വപ്രശ്‌നങ്ങളും പരിഹരിക്കപ്പെടും. പ്രകൃതി ചൂഷണം ചെയ്യുന്നവരെ സംരക്ഷിക്കുന്നതും അഴിമതിക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതും തീവ്രവാദികളെയും പീഡിപ്പിക്കുന്നവരെയും സംരക്ഷിക്കുന്നതും മൂല്യബോധമില്ലാത്ത രാഷ്ട്രീയനേതാക്കളാണ്. അഴിമതിയുടെയും അക്രമത്തിന്റെയും പ്രധാന സ്വിച്ച് രാഷ്ട്രീയക്കാരന്റെ കൈകളിലാണ്.
അനീതിക്കും അസമത്വങ്ങള്‍ക്കുമെതിരെ പോരാടിയ ഒരു കേരളീയപാരമ്പര്യം എന്റെ മനസ്സിലും ജ്വലിച്ചുകൊണ്ടിരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അത്തരം ചുറ്റുപാടുകള്‍ ഏറെ അസ്വസ്ഥമാക്കുകയും ആ അസ്വസ്ഥത മനസ്സില്‍ക്കിടന്ന് വളര്‍ന്ന്, ചിലപ്പോഴൊക്കെ ചിത്രങ്ങളായും വളരെ അപൂര്‍വമായി ശില്‍പ്പരൂപത്തിലും പരിണമിക്കാറുണ്ട്. ചില ചിത്രങ്ങള്‍ പൂര്‍ത്തിയായിക്കഴിയുമ്പോള്‍ എനിക്ക് തോന്നിയിട്ടുണ്ട്, ഞാന്‍ ഈ സംഭവത്തിന് അല്ലെങ്കില്‍, പ്രവൃത്തിക്ക് സ്മാരകം പണിയുകയാെണന്ന്. ശരിക്കും പറഞ്ഞാല്‍, എന്റെ മനസ്സ് ശാന്തമാകുന്നത് അത് സൃഷ്ടിച്ചുകഴിയുമ്പോഴാണ്. കലാകാരന്‍ നീതിയുടെയും സത്യത്തിന്റെയും ഭാഗത്താണ് നില്‍ക്കേണ്ടത്.

  • സാമൂഹ്യപ്രതിബദ്ധത തെളിയിക്കാന്‍ ചിത്രകല അനിവാര്യമാണോ?

ഇത് തികച്ചും വ്യക്തിപരമാണ്. ചിത്രകലയിലെ അനിവാര്യത ചിത്രമെഴുതുക എന്നതാണ് ചിത്രകലയെ പലരും പല രീതിയിലാണ് സമീപിക്കുന്നത്. വരയ്ക്കാന്‍ തുടങ്ങുന്ന നിമിഷത്തിലെ മാനസികവ്യാപാരങ്ങള്‍ പകര്‍ത്തുന്നവരുണ്ട്. കുട്ടികളുടെ രീതിയില്‍ ചിത്രം വരയ്ക്കുന്നതാണ് മഹത്തരം എന്നുകരുതുന്നവരുണ്ട്. ഗ്യാലറി ഉടമകളുടെ താല്‍പ്പര്യത്തിനനുസരിച്ച് വരയ്ക്കുന്നവരുണ്ട്. ഇതില്‍ ഏതാണ് തെരഞ്ഞെടുക്കേണ്ടത് എന്നത് ആപേക്ഷികമാണ്.
ഞാന്‍ എന്റെ ചിത്രങ്ങളിലൂടെ ചെയ്യുന്നത് മനുഷ്യനിലുള്ള മാനവികമൂല്യങ്ങളെ ഉണര്‍ത്തുവാനാണ്. എന്റെ ചുറ്റുവട്ടത്ത് നടക്കുന്ന കാഴ്ചകള്‍ എന്റേതായ ഭാഷയില്‍ ഞാനവരെ ഓര്‍മപ്പെടുത്തുകയാണ്. ജാഗ്രതയോടെ ഉണര്‍ന്നിരിക്കാന്‍ പ്രേരിപ്പിക്കുകയാണ്.
കാലം കഴിഞ്ഞാലും ചില ചിത്രങ്ങള്‍ നല്‍കിയ അനുഭവം വളരെ തെളിമയോടെ നില്‍ക്കാറുണ്ട്. ഒരു കലാകാരന്‍ അയാളുടെ സവിശേഷബന്ധങ്ങളിലൂടെയാണ് ലോകത്തെ നോക്കിക്കാണുന്നത്. അയാളുടെ ജീവിതസാഹചര്യങ്ങളും നിലപാടുകളുമാണ് അയാളെക്കൊണ്ട് ഓരോ പ്രമേയങ്ങളും സ്വീകാര്യമാക്കുന്നത്. ഒരേ കലാസൃഷ്ടിതന്നെ പലരിലും പല തരത്തിലുള്ള ക്രിയാശക്തിയെക്കുറിച്ചുള്ള ബോധമാകും ജനിപ്പിക്കുക.

  • ബാല്യകാലത്തെക്കുറിച്ചുള്ള ഓര്‍മകള്‍ എന്താണ് ?

എന്റെ ഓര്‍മ തുടങ്ങുന്നത് തിരുവനന്തപുരം കന്യാകുമാരി ദേശീയപാതയുടെ അരികിലുള്ള നേമത്തുനിന്നാണ്. റോഡിനഭിമുഖമായി പതിനെട്ടോളം കടകളും അതിനുള്ളില്‍ നിറഞ്ഞ ഫലവൃക്ഷങ്ങളുമുള്ള പറമ്പും പറമ്പിന്റെ ഒരു കോണില്‍ വീടും. അച്ഛന്‍ യുവാവായിരുന്ന കാലം മുതല്‍ അദ്ധ്വാനിച്ച് നേടിയതായിരുന്നു ഇവയൊക്കെയും. ഞാന്‍ ജനിച്ച്, കുറച്ചുകാലം കഴിഞ്ഞപ്പോള്‍ രണ്ടേക്കറിലധികം വരുന്ന സ്ഥലം സര്‍ക്കാര്‍വക സ്‌കൂളിനായി ഗവണ്‍മെന്റ് ആവശ്യപ്പെട്ടു. ആദ്യം കുറേ വിഷമം തോന്നിയെങ്കിലും എതിര്‍ക്കാനൊന്നും നില്‍ക്കാതെ അച്ഛന്‍ അത് വിട്ടുകൊടുക്കുകയായിരുന്നു. അതിനുള്ള പ്രധാനകാരണം: കുട്ടിക്കാലത്ത് അച്ഛന് വേണ്ടത്ര വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല.

qww

പുതിയ തലമുറയ്ക്ക് വിദ്യാഭ്യാസം ലഭിക്കണമെന്ന് അച്ഛന്‍ ആഗ്രഹിച്ചിരുന്നു. മാത്രമല്ല, ശാന്തിവിളയില്‍ വേറെ സ്ഥലവുമുണ്ടായിരുന്നു. അവിടെനിന്നാണ് ഞാന്‍ സൂക്‌ളില്‍ പോയിത്തുടങ്ങുന്നത്. ശാന്തിവിളസ്‌കൂളില്‍ പഠിക്കുന്ന കാലത്ത് അധ്യാപകര്‍ വളരെ സ്‌നേഹത്തോടെയാണ് എന്നെ പരിഗണിച്ചിരുന്നത്. അതിനും കാരണമുണ്ട്. എട്ട് മക്കളില്‍ ഇളയ ആളായിരുന്നു ഞാന്‍. ഏറ്റവും മുതിര്‍ന്നയാള്‍ ചേച്ചിയും. അക്കാലത്ത് മാതൃഭൂമി, കൗമുദി, ആനന്ദവികടന്‍ തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ സ്ഥിരമായി കവിതകളെഴുതി പ്രശസ്തയായിത്തീര്‍ന്നിരുന്നു ചേച്ചി. നേമം പുഷ്പകുമാരി എന്ന പേരിലാണ് കവിതകളെഴുതിയിരുന്നത്. ചേച്ചിയോടൊപ്പം ബി.എഡിന് പഠിച്ചിരുന്നതില്‍ ഒരാള്‍, ശാന്തിവിളസ്‌കൂളിലെ അധ്യാപികയായിരുന്നു. മാത്രമല്ല, അമ്മയുടെ അച്ഛന്‍ നാട്ടിലെ പ്രശസ്തനായ ആയുര്‍വേദവൈദ്യനുമായിരുന്നു. ദരിദ്രരെ കണക്കറ്റ് സഹായിച്ചിരുന്നു; വൈദ്യന്‍. അതിന്റെ ഒരു നന്മയും ടീച്ചര്‍ന്മാരില്‍ നിന്ന് എനിക്ക് ലഭിച്ചു. ഏഴാം ഫാറം വരെ പഠിച്ച അമ്മയ്ക്ക് അന്ന് സ്‌കൂളിലെ പ്രഥമാധ്യാപിക വരെയാകാന്‍ അതുമതിയായിരുന്നു എന്ന് കേട്ടിട്ടുണ്ട്. എന്നിട്ടും അമ്മ ജോലിക്ക് പോയില്ല. അമ്മ പറഞ്ഞുതന്ന കഥകളും ഇതിഹാസകഥകളും അതിലെ ഗുണപാഠങ്ങളും വിശദീകരിച്ചുകേട്ട് വളര്‍ന്നതായിരുന്നു എന്റെ കുട്ടിക്കാലം. അച്ഛന്‍ മക്കളെട്ടുപേരുടെയും പഠിത്തക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയാറായിരുന്നില്ല. മക്കള്‍ നല്ല വിദ്യാഭ്യാസം നേടണമെന്നദ്ദേഹം ആഗ്രഹിച്ചിരുന്നു. മൂത്ത ചേച്ചി പഠിക്കുമ്പോള്‍, ഇംഗ്ലീഷ് പാഠപുസ്തകത്തിലെ എഴുത്തും എഴുതിപ്പഠിക്കുന്ന ബോര്‍ഡിലെ എഴുത്തും ചിത്രലിപികള്‍പോലെകണ്ട്, ശരിയും തെറ്റും നിര്‍ണയിച്ച് അച്ഛന്‍ പഠിപ്പിക്കുമായിരുന്നു എന്ന് കേട്ടിട്ടുണ്ട്.

qwe

ശാന്തിവിള സ്‌കൂളിലെ പഠനകാലത്ത് കൃഷ്ണപിള്ള സാറായിരുന്നു ചിത്രരചനയിലെ എന്റെ താല്‍പ്പര്യം തിരിച്ചറിയുന്നത്. സാറിന്റെ മകന്‍ ശരത്ചന്ദ്രന്‍ നല്ലൊരു ചിത്രകാരനായിരുന്നു. ശരത്തിനോടൊപ്പം ഞാനും ചിത്രരചനാമത്സരത്തില്‍ച്ചേര്‍ന്നു. ജില്ലാതലമത്സരത്തില്‍ ശരത്തിന് വിജയിക്കുവാനായില്ല. എന്നിട്ടും തിരുവനന്തപുരം ടാഗോര്‍ തിയേറ്ററിലെ സംസ്ഥാനതല മത്സരവേദിയിലേക്ക് സ്വന്തം പോക്കറ്റില്‍ നിന്ന് കാശെടുത്ത്, എന്നെ പങ്കെടുപ്പിക്കുവാന്‍ കൊണ്ടുപോയി, കൃഷ്ണപിള്ള സാര്‍. ഇതുപറയുമ്പോള്‍ അദ്ദേഹം കൈപിടിച്ച് റോഡ് മുറിച്ചുകടന്നതും വാങ്ങിനല്‍കിയ ഭക്ഷണത്തിന്റെ സ്വാദുമൊക്കെ എന്റെ മനസ്സില്‍ നിറയുന്നത് ഞാനറിയുന്നു. പിതൃസ്‌നേഹത്തിന് തുല്യമായ സ്‌നേഹം നല്‍കിയ അധ്യാപകരെ കുട്ടികള്‍ മറക്കാതിരിക്കുന്നത് സ്വാഭാവികം.

fdd
എന്റെ ജീവിതത്തിലെ ആദ്യത്തെ പ്രധാന മത്സരമായിരുന്നു അത്. സംസ്ഥാനതലത്തില്‍ ഒന്നാം സമ്മാനം എനിക്കായിരുന്നു. വീട്ടില്‍ വന്നപ്പോള്‍ മത്സരത്തില്‍ വരച്ച ചിത്രം ഒന്നുകൂടെ വരയ്ക്കാന്‍ അച്ഛന്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്കിപ്പുറം, അച്ഛന്റെ മരണശേഷം, വിലപിടിച്ച പലതിനുമൊപ്പം അച്ഛന്‍ ഈ ചിത്രവും സൂക്ഷിച്ചിരിക്കുന്നത് ഞാന്‍ കണ്ടു. അതിന്റെ ചുവട്ടില്‍ അമ്മ ഇങ്ങനെ എഴുതിയിരുന്നു. ‘1970 മാര്‍ച്ച് 4-ന് തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ വച്ച് നടന്ന ബാലകലോത്സവത്തില്‍ ഒന്നാം സമ്മാനാര്‍ഹമായ ചിത്രം. 54 കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തിരുന്നു. 4 ഇയില്‍ പഠിക്കുമ്പോഴായിരുന്നു മത്സരം’. മൂത്ത ജ്യേഷ്ഠന്‍ അരവിന്ദാക്ഷന്‍, ചിത്രം വരയ്ക്കാന്‍ നിറങ്ങള്‍ വാങ്ങിത്തന്ന് ധാരാളമായി പ്രോത്സാഹിപ്പിച്ചിരുന്നു.
ഹൈ സ്‌കൂള്‍ വിദ്യാഭ്യാസം നേമത്ത് ഞങ്ങള്‍ താമസിച്ചിരുന്ന വീടിനെതിര്‍വശത്തുള്ള വിക്ടറി ഹൈ സ്‌കൂളിലായിരുന്നു. അവിടുത്തെ അധ്യാപകരിലധികംപേര്‍ക്കും അച്ഛന്‍ സ്‌കൂളിനുവേണ്ടി സ്ഥലംകൊടുത്തവിവരം അറിയാമായിരുന്നു. ജ്യേഷ്ഠന്മാരെ അറിയുന്നവരും പഠിപ്പിച്ചവരുമുണ്ടായിരുന്നു. വല്ലാത്തൊരു സ്‌നേഹം അധ്യാപകര്‍ എന്നോട് കാണിച്ചിരുന്നു. ചെറിയ ക്ലാസ് മുതല്‍ എല്ലാ ക്ലാസിലും ക്ലാസ് ലീഡര്‍ ഞാനായിരുന്നു. 10-ാം ക്ലാസിലെത്തിയപ്പോള്‍ സുഹൃത്ത് റഹീമിന്റെ നിര്‍ബന്ധപ്രകാരം സ്‌കൂള്‍ ലീഡറായും മത്സരിച്ചുജയിച്ചു. ഇതൊക്കെത്തന്നെയാണ് ബാല്യകാലത്തെക്കുറിച്ചുള്ള ഓര്‍മകള്‍. ഇന്നിപ്പോള്‍ എന്റെ കുട്ടിക്കാലത്തെ ഗ്രാമപരിസരമില്ല. ലോകത്തോടൊപ്പം ഞങ്ങളുടെ നാടും മാറിയിരിക്കുന്നു. അച്ഛന്‍ മൂല്യങ്ങളില്‍ നിന്നും വ്യതിചലിച്ച് ഒരിക്കല്‍പ്പോലും പ്രവര്‍ത്തിച്ചതായി ഞാന്‍ കണ്ടിട്ടില്ല. പിടിച്ചടക്കലല്ല, വിട്ടുകൊടുക്കലായിരുന്നു അച്ഛന്റെ രീതി. മധ്യസ്ഥതകളില്‍ അച്ഛന്‍ പറയുന്നതായിരുന്നു അവസാനവാക്ക്. നാട്ടുകാരുമായും കൃഷിക്കാരുമായും ഒരു ആത്മബന്ധംതന്നെ പുലര്‍ത്തിയിരുന്നു. അച്ഛന്‍ മരിച്ച വാര്‍ത്ത അറിഞ്ഞ്, കാല്‍ മുറിച്ച് കിടപ്പിലായിരുന്ന ഒരു കൃഷിക്കാരന്‍ അച്ഛനെ കാണാന്‍ വന്നത് ഇപ്പോഴും എന്റെ മനസ്സിലുണ്ട്. അയാള്‍ ഊന്നുവടി ഉപയോഗിച്ച് തുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ. കുറച്ചുനടന്നും തളര്‍ന്നിരുന്നും വീണ്ടും നടന്നും അയാള്‍ അച്ഛനെ അവസാനമായി കാണാന്‍ വന്നു. ഇത് ഞങ്ങളുടെ നാട്ടിന്റെ ഹൃദയബന്ധങ്ങളുടെ ഊഷ്മളതയെയാണ് കാണിക്കുന്നത്. ഇന്നിപ്പോള്‍ എല്ലാം മാറിക്കഴിഞ്ഞിരിക്കുന്നു. പട്ടം പറത്തി നടന്ന, പശുക്കള്‍ മേഞ്ഞുനടന്ന വയലേലകളില്ല. ഓടിക്കളിച്ച വെളിംപ്രദേശങ്ങള്‍ മതിലുകള്‍കെട്ടി വേര്‍തിരിക്കപ്പെട്ടിരിക്കുന്നു. ഒരു വിളികേട്ടാല്‍ ഓടിയെത്താന്‍ കഴിയാത്ത വിധത്തില്‍ ആള്‍ക്കാരുടെ മനസ്സുകളും ചെറുതായിരിക്കുന്നു.

Recent Posts

Leave a Comment

Contact Us

We're not around right now. But you can send us an email and we'll get back to you, asap.

Not readable? Change text. captcha txt
0

Start typing and press Enter to search