ക്ഷോഭവും സ്വപ്നവും

 In About Nemom

ക്ഷോഭവും സ്വപ്നവും
പ്രൊഫ. കെ. സി. ചിത്രഭാനു,ഡയറക്ടര്‍, രാജാ രവിവര്‍മ സെന്റര്‍ ഒഫ് എക്‌സലന്‍സ് ഫോര്‍ വിഷ്വല്‍ ആര്‍ട്‌സ് (കേരള യൂണിവേഴ്‌സിറ്റി)

കഴിഞ്ഞ രണ്ട് വ്യാഴവട്ടക്കാലമായി കേരളത്തിലെ ചിത്രകലാരംഗത്ത് സജീവമായി പ്രവര്‍ത്തിച്ചുവരുന്ന നേമം പുഷ്പരാജിന്റെ രചനകള്‍ സങ്കേതത്തിന്റെ വൈവിധ്യത്താലും അവതരണത്തിലെ മികവിനാലും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ചിത്രം, ശില്‍പ്പം, ചലച്ചിത്ര സംവിധാനം, കലാസംവിധാനം എന്നീ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും ചിത്രകലയിലാണ് താന്‍ സായൂജ്യം കണ്ടെത്തിയിട്ടുള്ളതെന്ന് നേമം പുഷ്പരാജ് പറയുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളിലായി അദ്ദേഹം രചിച്ച ചിത്രങ്ങളും ശില്‍പ്പങ്ങളും ഒരു കലാകാരന്റെ സര്‍ഗാത്മകചിന്തയുടെ വളര്‍ച്ചയെയും ആശയാവതരണത്തില്‍ സ്വീകരിച്ച രീതികളെയും പ്രതിഫലിപ്പിക്കുന്നു.
ദിവാസ്വപ്നങ്ങള്‍പോലുള്ള ദൃശ്യങ്ങള്‍ ആവിഷ്‌ക്കരിക്കുന്നതിലും വിവിധ മാനസിക നിലകളില്‍ രൂപംകൊള്ളുന്ന ചിന്തകളെ തന്റെ ദര്‍ശനവുമായി ഇണക്കി അവതരിപ്പിക്കുന്നതിലും തല്‍പ്പരനായ പുഷ്പരാജ് തന്റെ സര്‍ഗസൃഷ്ടിക്ക് സര്‍റിയലിസത്തിന്റെ ഭാഷ തെരഞ്ഞെടുത്തതില്‍ അത്ഭുതമില്ല. ചിത്രങ്ങളിലെ ദൃശ്യവിന്യാസങ്ങളില്‍ ഹിരോണിമസ് ബോഷും ടാന്‍ഗ്വിയും റെനെമാഗ്രിറ്റും മാര്‍ഗദര്‍ശികളായും ചിന്തകളില്‍ യുങിന്റെയും ഫ്രോയ്ഡിന്റെയും ദര്‍ശനങ്ങള്‍ പ്രചോദകഘടകങ്ങളായും വന്നിരിക്കാം. ചിത്രങ്ങളില്‍ കടന്നുവരുന്ന ബിംബങ്ങളും രൂപങ്ങളും സമകാലികമായ രാഷ്ട്രീയ സാമൂഹ്യ പരിസരത്തില്‍ നിന്ന് നിര്‍ദ്ധാരണം ചെയ്തവയായതുകൊണ്ട് സര്‍റിയലിസത്തിന്റെ ദൃശ്യഭാഷ ആശയപ്രകടനത്തിന് ഉചിതമായി ചിത്രകാരന്‍ കണ്ടെത്തി.
വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ താന്‍ സാക്ഷ്യം വഹിച്ച അടിയന്തിരാവസ്ഥയുടെ ഭീകരാന്തരീക്ഷവും അന്നത്തെ സംഭവപരമ്പരകളും ഈ ചിത്രകാരനെ അസ്വസ്ഥനാക്കിയിരുന്നു. വിദേശാധിപത്യത്തില്‍ നിന്നും സത്യത്തിന്റെയും അഹിംസയുടെയും മാര്‍ഗത്തിലൂടെ സ്വതന്ത്രമായ ഭാരതം പിന്നീട് അധികാരദുര്‍മോഹികളായ സ്വേച്ഛാധിപതികളുടെ കരാള ഹസ്തങ്ങളില്‍പ്പെടുകയും അവര്‍ ഭരണപരമായും സാമൂഹ്യമായും മനുഷ്യവിരുദ്ധമായ സമീപനം സ്വീകരിക്കുകയും അതിനെതിരെ ജനശക്തി ഉയരുകയും ചെയ്തത് ആധുനിക ഭാരതത്തിന്റെ ചരിത്രമാണ്.
ബുദ്ധന്റെയും ഗാന്ധിജിയുടെയും ദര്‍ശനങ്ങളിലെ മൂല്യങ്ങളെ കാറ്റില്‍ പറത്തി പൗരാവകാശങ്ങളെ ധ്വംസിച്ചുകൊണ്ടുള്ള അധികാരികളുടെ പ്രമത്തതയ്ക്കാണ് അടിയന്തിരാവസ്ഥയുടെ ദിനങ്ങള്‍ സാക്ഷ്യം വഹിച്ചത്. അക്കാലത്തെ സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലമാണ് പുഷ്പരാജിന്റെ ആദ്യകാല രചനകള്‍ക്കാധാരമായിട്ടുള്ളത്. ‘വിഹ്വലത’ (ട്രാപ്പ്), ‘യുദ്ധം’ (വാര്‍) എന്നീ എണ്ണച്ചായചിത്രങ്ങളും ‘ഇന്‍ഡിപെന്‍ഡന്‍സ്’ എന്ന പരമ്പരയില്‍ കറുപ്പിലും വെളുപ്പിലും ആവിഷ്‌ക്കരിച്ച രേഖാചിത്രങ്ങളും അന്നത്തെ സാമൂഹ്യസ്ഥിതിയോടുള്ള കലാകാരന്റെ ഉല്‍ക്കണ്ഠയുടെ പ്രതിഫലനങ്ങളാണ്. രാഷ്ട്രീയപ്പാര്‍ട്ടിയുടെ ചിഹ്നങ്ങള്‍ ജനങ്ങളുടെമീതെ അശനീപാതമായി മാറുന്ന അവസ്ഥ ഈ പരമ്പരയിലെ രചനകളില്‍ അവതരിപ്പിക്കുന്നു. ചളുങ്ങിയ ധര്‍മചക്രവും കീറിയ ദേശീയപതാകയും പ്രതീകാത്മകബിംബങ്ങളായി ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. പരിചിതങ്ങളായ ബിംബങ്ങള്‍ അസ്വാഭാവികമായ ദൃശ്യതലങ്ങളില്‍ കൗശലത്തോടെ വിന്യസിപ്പിച്ചിരിക്കുകയാണിവിടെ. വസ്തുക്കളുടെ ആകാരം ദൃശ്യതലത്തില്‍ സൂചിപ്പിക്കുന്ന രേഖകളും തീക്ഷ്ണവര്‍ണങ്ങളുടെ വ്യത്യസ്ത സാന്ദ്രതയിലുള്ള വിന്യാസക്രമവും ചിത്രങ്ങളുടെ അവതരണത്തിന് അപൂര്‍വത പകരുന്നു. സര്‍റിയലിസ്റ്റ് സൈദ്ധാന്തികനായ ആന്ദ്രെബ്രെതോങ് പറയുന്നതുപോലെ, കാഴ്ചയുടെ യുക്തിക്ക് അതീതവും വിരുദ്ധവുമായ ദൃശ്യസങ്കലനങ്ങള്‍ ആണ് ഇവിടെ നമുക്ക് കാണാന്‍ കഴിയുന്നത്.
അടുത്ത പരമ്പരയിലെ ചിത്രങ്ങള്‍ സ്വാഭാവികതയും കാല്‍പ്പനികതയും ഇടകലര്‍ത്തിയുള്ള ദൃശ്യങ്ങളിലൂടെയാണ് നിര്‍വഹിച്ചിട്ടുള്ളത്. സ്വാഭാവിക ദൃശ്യതലത്തില്‍ പ്രത്യക്ഷമാവുന്ന വസ്തുക്കളും രൂപങ്ങളും സ്വപ്നസദൃശമായ സന്ദര്‍ഭങ്ങള്‍ സൃഷ്ടിക്കുന്നു. ‘തള്ളപ്പക്ഷിയുടെ മരണം’ (ഡെത്ത് ഒഫ് എ മദര്‍ ബേഡ്), ‘അപഭ്രംശം’ (അബറേഷന്‍) തുടങ്ങിയ രചനകള്‍ ഈ പരമ്പരയില്‍പ്പെടുന്നു. ‘സര്‍റിയലിസം വസ്തുക്കളുടെ സ്വാഭാവികരൂപം തിരസ്‌ക്കരിക്കുന്നു’ എന്ന് റെയ്മണ്ട് വില്യംസ് പ്രസ്താവിച്ചത് ഇവിടെ പ്രസക്തമാവുന്നു. ‘ലവ് ആന്റ് നേച്ചര്‍’, ‘റെസ്റ്റ്‌ലസ് റെസ്റ്റ്’ എന്നീ രചനകളില്‍ ചിത്രതലത്തില്‍ പ്രത്യക്ഷമാവുന്ന വസ്തുക്കളും രൂപങ്ങളും വര്‍ണലയവിന്യാസവും അസ്വാഭാവിക ദൃശ്യതലങ്ങള്‍ സൃഷ്ടിക്കുന്നു. ശോഭയാര്‍ന്ന ചുവപ്പും അതിന്റെ വ്യത്യസ്ത സാന്ദ്രതയിലുള്ള ചേരുവകളും നീല, മഞ്ഞ എന്നീ വര്‍ണങ്ങളും ദൃശ്യാവതരണത്തിന് ചാരുത പകരുന്നു.
ചിലയിടങ്ങളില്‍ വിശദവും നേര്‍ത്തതുമായ ചായത്തേപ്പില്‍ മനുഷ്യാകാരങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. വേണ്ടിടങ്ങളില്‍ വിശദാംശങ്ങള്‍ ഒഴിവാക്കി അബ്‌സ്ട്രാക്റ്റ് രീതിയില്‍ വസ്തുക്കളെ ആവിഷ്‌ക്കരിക്കുമ്പോള്‍ ചിലയിടങ്ങളില്‍ അതിസൂക്ഷ്മമായി അവതരിപ്പിച്ചിരിക്കുന്നത് കാണാം. രേഖകളും വര്‍ണതലങ്ങളും ചിത്രബന്ധം ഉറപ്പിക്കുന്നതോടൊപ്പം നാടകീയത പകരാന്‍ കാരണമാവുകയും ചെയ്യുന്നു. ‘വേനല്‍ തരംഗങ്ങള്‍’ എന്ന രചന ഇതിനൊരു ഉദാഹരണമാണ്.
ഇന്ന് ലോകത്ത് കാണുന്ന അധികാരക്കൊതിയും തിരോഭവിക്കപ്പെടുന്ന മാനുഷിക മൂല്യങ്ങളും വില്‍ക്കപ്പെടുന്ന നീതിപീഠവും വര്‍ദ്ധിച്ചുവരുന്ന വര്‍ഗീയ കലാപങ്ങളും മാനവരാശിയുടെ നിലനില്‍പ്പിനുതന്നെ ഭീഷണിയായ ഭീകരവാദവും ഈ അവസ്ഥകളിലൂടെ കടന്നുപോകുന്ന മനുഷ്യന്റെ നിസ്സഹായതയും ആണ് അടുത്ത പരമ്പരയിലെ (1990-2000) ചിത്രങ്ങളിലൂടെ പുഷ്പരാജ് അവതരിപ്പിക്കുന്നത്. മനസ്സിനെ മഥിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന രൂക്ഷദൃശ്യങ്ങള്‍ ഈ ചിത്രങ്ങളില്‍ കാണാം.
തുടര്‍ന്നുള്ള ചിത്രപരമ്പരകളില്‍ സംഘര്‍ഷപൂരിതവും ബീഭത്സവുമായ ദൃശ്യതലങ്ങള്‍ അപ്രത്യക്ഷമാവുന്നതും ചിത്രകാരന്റെ ഭാവന മായികമായ ഒരു സ്വപ്നലോകത്തേക്ക് അഭയം തേടുന്നതും കാണാം. ഈ ചിത്രങ്ങളില്‍ സന്തുലിതമായ തലവിന്യാസങ്ങളും മാനസിക വ്യവഹാരങ്ങളിലെ അവസ്ഥാഭേദങ്ങള്‍ക്കനുസൃതമായ ചായത്തേപ്പുകളുടെ പ്രയോഗവും സ്വീകരിച്ചിരിക്കുന്നു. രേഖാവിന്യാസങ്ങള്‍ നിയന്ത്രിതമാവുന്നതും മുന്‍ചിത്രങ്ങളില്‍ കണ്ടിരുന്ന ഇരുണ്ട വര്‍ണങ്ങള്‍ക്കുപകരം ശീതളവര്‍ണങ്ങള്‍ ചിത്രതലത്തില്‍ വ്യാപിക്കുന്നതും ചിത്രഭാഷയോടുള്ള പുഷ്പരാജിന്റെ സമീപനത്തില്‍ ഉണ്ടായ സ്വാഭാവികവും സ്വാഗതാര്‍ഹവുമായ മാറ്റത്തെ സൂചിപ്പിക്കുന്നു. കാഴ്ചശീലങ്ങളിലൂടെ നേടിയ സര്‍ഗാത്മകചിന്തയിലെ വളര്‍ച്ചയും ജീവിതാനുഭവങ്ങളിലൂടെ ആര്‍ജിച്ച ദര്‍ശനത്തിലെ പക്വതയും ഈ ചിത്രങ്ങള്‍ക്ക് ആധുനിക കേരളീയ ചിത്രകലയില്‍ വ്യതിരിക്തമായ ഒരു ഇടം നേടിക്കൊടുത്തിരിക്കുന്നു.

Recent Posts

Leave a Comment

Contact Us

We're not around right now. But you can send us an email and we'll get back to you, asap.

Not readable? Change text. captcha txt
0

Start typing and press Enter to search