കാവ്യദേവത

 In Canvas Paintings

 

കാവ്യദേവത

ലൗകികതയില്‍ നിന്നും നിമിഷങ്ങള്‍കൊണ്ട് അലൗകികതലത്തിലെത്തിക്കാനും അനുഭൂതിദായകമാക്കാനും സംഗീതത്തിനുള്ള മാസ്മരികത അനിര്‍വചനീയമാണ്. എല്ലാ കലകളും സംഗീതത്തിന്റെ ഈ അവസ്ഥ നേടാന്‍ വെമ്പല്‍ കൊള്ളുന്നുണ്ട്. വികാരനിര്‍ഭരമാകുന്ന കാവ്യമനസ്സില്‍ നിന്നും ഭാഷയിലൂടെ സംജാതമാകുന്നതാണ് കവിതയെങ്കില്‍, കാവ്യമനസ്സില്‍ നിന്നും വര്‍ണങ്ങളിലൂടെ സൃഷ്ടിക്കപ്പെടുന്നതാണ് മഹത്തായ ചിത്രങ്ങള്‍. അസാമാന്യപ്രതിഭയില്‍ നിന്നുമാണ് ഇത് രണ്ടും ജനിക്കുന്നത്. തനിക്ക് ചുറ്റുമുള്ള ലോകത്തോട് പറയേണ്ടുന്നതായ എന്തോ ഒന്നിനെ മുന്‍നിര്‍ത്തിയായിരിക്കും ഏതൊരു കലാസൃഷ്ടിയുടെയും ഉത്ഭവം. സമ്മോഹനമായ വാക്കുകളും വര്‍ണങ്ങളും ഇവിടെ വിനിമയോപാധികളാകുകയാണ്. അതുകൊണ്ടുതന്നെ ഇത്തരം കലാസൃഷ്ടികളിലൂടെ കടന്നുപോകുമ്പോള്‍ അറിഞ്ഞോ അറിയാതെയോ കാഴ്ചക്കാരന്‍ പുനര്‍നവീകരണത്തിന് വിധേയമാകുന്നുണ്ട്.

ഇവിടെ ‘കാവ്യദേവത’ എന്ന ചിത്രത്തില്‍ സങ്കല്‍പ്പങ്ങള്‍ സാധാരണ ചിന്തകള്‍ക്കപ്പുറം സീമാതീതമായി ചിറകുവിടര്‍ത്തി അനന്തവിശാലതകളിലേക്ക് പറന്നുയരുകയാണ്. സ്രഷ്ട്രാവുപോലുമറിയാതെ കവിത വാര്‍ന്നൊഴുകുന്നു. അത്യപൂര്‍വമായ അത്തരം അനര്‍ഘനിമിഷങ്ങളില്‍ അയാള്‍ സ്വര്‍ഗതുല്യമായ വിതാനങ്ങളിലേക്ക് ചെന്നുപെടുന്നു. അനിര്‍വചനീയവും അവാച്യവുമായ വികാരസരണിയിലൂടെയുള്ള സഞ്ചാരനിമിഷങ്ങളാണത്; തികച്ചും അപൂര്‍വവും. കടിഞ്ഞാണില്ലാത്ത, ഭാവനാവിലസിതമായ കാവ്യമാനസം അശ്വമേധത്തിനോടുന്ന കുതിരയ്ക്ക് സമാനമായി അനന്തവിസ്തൃതിയിലേക്ക് ഗഗനസഞ്ചാരം നടത്തുന്നു. പലപ്പോഴും അങ്ങനെയുണ്ടാകുന്ന സീമാതീതസങ്കല്‍പ്പനങ്ങളില്‍ തെളിയുന്ന മുഗ്ദ്ധമനോഹര മോഹനചിത്രങ്ങള്‍ കവിയിലൂടെ പ്രവഹിക്കുമ്പോള്‍ നക്ഷത്രശോഭയാര്‍ന്ന സൃഷ്ടികളുണ്ടാകും. ഇവിടെ ‘കാവ്യദേവത’ എന്ന ചിത്രത്തില്‍ സര്‍ഗാത്മകതയുടെ ചെപ്പിലെ മുത്തും നക്ഷത്രങ്ങളും ആകാശത്തേക്ക് വാരിവിതറി, ചക്രവാളങ്ങളിലേക്ക് കിനാവിന്റെ കടിഞ്ഞാണില്ലാത്ത പക്ഷികള്‍ പറന്നുയരുന്നതും നോക്കി കവി ഇരിക്കുകയാണ്. അപ്പോഴും ചിത്രത്തിലൂടെ അനാവൃതമാകാത്ത, സ്വപ്നങ്ങള്‍ മഴവില്ല് ചാലിക്കുന്ന, കവിയുടെ നക്ഷത്രക്കണ്ണുകള്‍ നമ്മെ മറ്റൊരു താരകപ്രപഞ്ചത്തേക്ക് പറന്നുയരാന്‍ പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത്.

കാതങ്ങള്‍ക്കകലേക്ക് ചിറകുവിടര്‍ത്തുന്നതില്‍ ദേശാടനക്കിളികള്‍ക്ക് അതിജീവനത്തിന്റെ ഉദ്ദേശവും ലക്ഷ്യവുമുണ്ട്. പക്ഷേ, മനുഷ്യന്റെ മാനസസരോവരത്തില്‍ നിന്നും പറന്നുയരുന്ന കിനാപ്പക്ഷികള്‍ക്ക് തീരുമാനിച്ചുറപ്പിച്ച കേവലലക്ഷ്യങ്ങളില്ല. കാരണം, പ്രപഞ്ചം മുഴുവന്‍ ഈ സ്വപ്നങ്ങള്‍ക്കാധാരമാണ്. സൂര്യവേട്ടവരെ അയാള്‍ സ്വപ്നംകണ്ടെന്നിരിക്കും.
ഈ ചിത്രരചനയ്ക്കായി തെരഞ്ഞെടുത്തിരിക്കുന്നത് ഹൃദ്യമായ വര്‍ണങ്ങളാണ്. അണ്ഡകടാഹത്തെ ഓര്‍മിപ്പിക്കുന്ന പശ്ചാത്തലത്തില്‍ ചുവന്ന ജ്വാലയ്ക്കും ഇരുളിന്നഗാധതയ്ക്കും ഇടയിലൂടെ യാത്രചെയ്യുന്ന നക്ഷത്രസമൂഹം. പശ്ചാത്തലത്തെ ഉല്ലംഘിച്ചുകൊണ്ട് മധ്യഭാഗത്തായി രണ്ട് തലങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നു. ഒന്നില്‍ നക്ഷത്രങ്ങള്‍ക്ക് താഴെ ഹൃദയഹാരിയായ പൂക്കള്‍. ആകാശത്തെയും ഭൂമിയെയും ഓര്‍മിപ്പിക്കുന്നു ഈ തലം. ഏറ്റവും മുന്നില്‍ വശങ്ങളില്‍, നക്ഷത്രമുത്തുകള്‍ പേറിയ പച്ചപ്പാര്‍ന്ന ഇലച്ചാര്‍ത്തുകള്‍. മടിയിലെ രത്‌നശേഖരത്തില്‍ നിന്ന് കവിതയുടെ മുത്തുകള്‍ വാരി എറിഞ്ഞ്, അലസമിരിക്കുന്ന കാവ്യദേവത ഏതെങ്കിലുമൊരു മുഖത്തെ പ്രതിനിധീകരിക്കുകയല്ല, കാവ്യഗുണത്തെ ബിംബവത്കരിക്കുകയാണ് ചെയ്യുന്നത്. സൃഷ്ടിയുടെ ഈ അനര്‍ഘനിമിഷത്തിലേക്ക് പറന്നുയരുന്ന ഭാവനയുടെ പക്ഷികള്‍ക്കും കാവ്യദേവതയ്ക്കും നല്‍കിയിരിക്കുന്ന നിറങ്ങളുടെ സമാനതയും ലാളിത്യവുമല്ല പശ്ചാത്തലത്തിന് നല്‍കിയിരിക്കുന്നത്. പശ്ചാത്തലത്തില്‍ ആഴമുള്ള നിറങ്ങളാണ് കൊടുത്തിട്ടുള്ളത്. പച്ചയുടെതന്നെ വിവിധ വര്‍ണ അടരുകള്‍ കാണാം. ചുവപ്പുകാണാം. കറുപ്പിലേക്ക് ലയിച്ച് കയറുന്ന ഓറഞ്ച് കാണാം. ആഴം തോന്നിക്കുന്ന നിറങ്ങളിലും പ്രകാശമാനമായ സ്‌ട്രോക്കുകള്‍ നല്‍കുകവഴി, ചിത്രതലത്തിനാകെ നവമായ പ്രസരിപ്പ് നല്‍കുവാന്‍ കഴിഞ്ഞിട്ടുണ്ട്. നിറങ്ങളുടെ ധാരാളിത്തമല്ല, ഒതുക്കമാര്‍ന്ന വര്‍ണത്തേപ്പുകളിലൂടെയാണ് ഇത് സാധ്യമാക്കിയിരിക്കുന്നത്.

Recent Posts

Leave a Comment

Contact Us

We're not around right now. But you can send us an email and we'll get back to you, asap.

Not readable? Change text. captcha txt
0

Start typing and press Enter to search