അനായാസ വിജയങ്ങള്‍

 In About Nemom

അനായാസ വിജയങ്ങള്‍

പ്രൊഫ. കാനായി കുഞ്ഞിരാമന്‍

കലാസാഹിത്യരംഗങ്ങളില്‍ നവീനചിന്തകളാല്‍ സമ്പന്നമായ കാലമായിരുന്നു 1980-കള്‍. തിരുവനന്തപുരം കോളെജ് ഒഫ് ഫൈന്‍ ആര്‍ട്‌സ് ഇത്തരത്തില്‍ ചിന്തിക്കുന്നവരുടെ ഒത്തുചേരലിനുള്ള പൊതുവേദിയായി മാറിയിരുന്നു. സാധാരണ കോളെജുകളില്‍ നിന്ന് കല പഠിക്കുവാനായി എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ഇവിടത്തെ അതിരുകളില്ലാത്ത സ്വാതന്ത്ര്യത്തെ എങ്ങനെയാണ് പ്രയോജനപ്പെടുത്തേണ്ടതെന്നറിയാതെ വഴിതെറ്റിപ്പോകാവുന്ന അവസ്ഥകളുമുണ്ടായിരുന്നു. ഈ ചുറ്റുപാടിലാണ് ഞാന്‍ പുഷ്പരാജിനെ ശ്രദ്ധിക്കുന്നത്. സൗമ്യവും ദീപ്തവുമായ പെരുമാറ്റത്തിലൂടെ എന്നെ ആകര്‍ഷിച്ച ഒരു വിദ്യാര്‍ഥി. ശരിയായതിനെ അംഗീകരിക്കുകയും തെറ്റെന്ന് തോന്നിയതിനെ ചോദ്യം ചെയ്യുകയും ചെയ്യുന്ന ആര്‍ജവമുള്ള സമീപനം. ക്ലാസ് റൂമില്‍ എന്തെങ്കിലും കാട്ടികൂട്ടുകയല്ല, വ്യക്തമായ ദര്‍ശനത്തോടെ താന്‍ ചിന്തിക്കുന്നത് വരച്ചുവയ്ക്കുകയായിരുന്നു പുഷ്പരാജ്. ഭാരതീയ സാംസ്‌കാരികതയില്‍ ഊന്നിനിന്നുകൊണ്ട് പുതുമതേടുന്ന സമീപനം. അന്നത്തെ രചനകളില്‍ സമൂഹത്തിലെ അസ്വസ്ഥമായ വിഷയങ്ങളാണ് കൂടുതലായി കടന്നുവന്നിരുന്നത്. തിളയ്ക്കുന്ന യുവത്വത്തിന്റെ പ്രതിഷേധവും ചിത്രങ്ങളില്‍ കാണാമായിരുന്നു. അരാഷ്ട്രീയത വളരെക്കൂടുതലായിരുന്ന കോളെജില്‍ ആദ്യമായൊരു കോളെജ് യൂണിയന്‍ രൂപീകരിക്കുവാന്‍ മുന്‍കൈയെടുക്കുന്നത് പുഷ്പരാജിന്റെ നേതൃത്വത്തിലായിരുന്നു. ആദ്യത്തെ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായി പുഷ്പരാജിനെ തിരഞ്ഞെടുത്തതും ഞാനോര്‍ക്കുന്നു. അപ്പോഴും പഠനകാര്യങ്ങളില്‍ത്തന്നെയായിരുന്നു പ്രധാന ശ്രദ്ധ എന്നതിന് തെളിവാണ് ഒന്നാം റാങ്കോടെ ബിരുദം കരസ്ഥമാക്കാനായത്.

കോളെജ് വിദ്യാഭ്യസം കഴിഞ്ഞ ഉടന്‍തന്നെ സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജോലി ലഭിച്ചു. ഒന്ന് പഠിക്കുകയും മറ്റൊന്നില്‍ ജോലി നോക്കേണ്ടതായും വരുന്ന അവസ്ഥ പുഷ്പരാജിനുണ്ടായില്ല. സര്‍വവിജ്ഞാനകോശത്തിലെ ജോലി പരന്ന വായനയ്ക്കും ലോകത്തെ അറിയുവാനും കാരണമായി. ഇതിനിടയില്‍ പുഷ്പരാജ് നടത്തിയ ചിത്രപ്രദര്‍ശനങ്ങള്‍ പലതും ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. തുടര്‍ന്ന്, ചലച്ചിത്രകലാസംവിധായകനായി മാറി. പ്രഗല്‍ഭരായ സംവിധായകരോടൊപ്പം പ്രവര്‍ത്തിച്ചുകൊണ്ട് ചലച്ചിത്രകലയുടെ ശ്രദ്ധേയനായ കലാസംവിധായകനെന്ന പേരും പുരസ്‌കാരങ്ങളും സമ്പാദിക്കുവാന്‍ കഴിഞ്ഞു. ഇത് ചലച്ചിത്ര സംവിധായകനാകാനുള്ള വഴി തുറന്ന് നല്‍കുകയായിരുന്നു. ഇതിലും പുഷ്പരാജ് വിജയിച്ചു. ആദ്യചിത്രംതന്നെ നിരവധി സംസ്ഥാന പുരസ്‌കാരങ്ങള്‍ക്കര്‍ഹമായി. ഈ ചലച്ചിത്രത്തിരക്കിനിടയിലാണ് 2005-ല്‍ കനകക്കുന്ന് സൂര്യകാന്തിയില്‍ വച്ച് ഒരു സോളോ ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്യുവാനായി ഞാനെത്തുന്നത്. ശരിക്കും എന്നെ അത്ഭുതപ്പെടുത്തിയ പ്രദര്‍ശനമായിരുന്നു. സ്വാഭാവികമായും സാധാരണക്കാരന്‍ മയങ്ങിപ്പോകുന്ന ചലച്ചിത്രരംഗത്ത് സജീവമായി നില്‍ക്കുന്ന ഒരാള്‍ ഈ തിരക്കിനിടയിലും തന്റെ പ്രധാനയിടം കൈവിടാതെ സൂക്ഷിക്കുന്നു എന്നത് എന്നില്‍ വല്ലാത്തൊരാഹ്ലാദമുണ്ടാക്കി. ഞാനത് അന്ന് പുഷ്പരാജിനോട് നേരിട്ട് പ്രകടിപ്പിച്ചിട്ടുമുണ്ട്.

ആയിടയ്ക്കാണ് കേരളാ പബ്ലിക് റിലേഷന്‍സ് വകുപ്പ് ആവശ്യപ്പെട്ടതനുസരിച്ച് എന്നെക്കുറിച്ചൊരു ഡോക്യുമെന്ററി തയ്യാറാക്കാനായി പുഷ്പരാജ് സമീപിക്കുന്നത്. ചലച്ചിത്രപ്രതിഭയായ ഭരതനും അദ്ദേഹത്തിന്റെ പത്‌നി കെ.പി.എ.സി. ലളിതയും എന്നെക്കണ്ട് പല പ്രാവശ്യം ഡോക്യുമെന്ററി എടുക്കുന്നതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ടായിരുന്നു. ഓരോ പുതിയ വര്‍ക്കുകള്‍ ചെയ്യുമ്പോഴും അത് കഴിയട്ടെ എന്ന് കരുതി മാറ്റിവയ്ക്കുകയായിരുന്നു. ദൗര്‍ഭാഗ്യം ആ കലാകാരനെ മടക്കിവിളിച്ചു. അതിന് മുമ്പും പലരും സമീപിച്ചിരുന്നെങ്കിലും ഒഴിവാക്കുകയായിരുന്നു. പുഷ്പരാജ് ഈ ആവശ്യവുമായി വന്നപ്പോള്‍ അതിലെ ആത്മാര്‍ഥമായ സമീപനം കണ്ടപ്പോള്‍ ഞാന്‍ സമ്മതിക്കുകയായിരുന്നു. ഡോക്യുമെന്ററി പൂര്‍ത്തിയായപ്പോള്‍ എന്റെ തീരുമാനം ശരിയായിരുന്നു എന്ന് ബോധ്യമായി. ഒരു ചിത്രകാരന്‍കൂടിയായ എന്റെ ശിഷ്യന്‍ ശില്‍പ്പങ്ങളുടെ അന്തഃസത്ത അറിഞ്ഞുതന്നെയായിരുന്നു ചിത്രീകരിച്ചത്. ആ ഡോക്യുമെന്ററിക്ക് സംസ്ഥാന പുരസ്‌കാരം ലഭിച്ചു എന്നത് മറ്റൊരു സന്തോഷവും നല്‍കി. തുടര്‍ന്നാണ് പുഷ്പരാജ് എന്റെ ശില്‍പ്പകലാജീവിതത്തെക്കുറിച്ച് ഒരു ഗ്രന്ഥം രചിക്കുവാനായി സമീപിച്ചത്. ഇത്തവണ ഞാനതൊഴിവാക്കാന്‍തന്നെ തീരുമാനിച്ചു. അതിന് കാരണമുണ്ട്. മുമ്പ് സമീപിച്ച പലരുടെയും ആത്മാര്‍ഥതയില്ലായ്മ എനിക്ക് ബോധ്യപ്പെട്ടിരുന്നു. പലര്‍ക്കും ഷോ കാണിക്കുന്നതിലായിരുന്നു താല്‍പര്യം. പുഷ്പരാജ് രചനയുമായി മുന്നോട്ടുപോയി. പിന്നില്‍ ശക്തമായി ഡോ. എം.ആര്‍. തമ്പാനുമുണ്ടായിരുന്നു. ആ ഗ്രന്ഥം എന്നെക്കുറിച്ചും എന്റെ ശില്‍പ്പങ്ങളെക്കുറിച്ചുമുള്ള മലയാളത്തിലെ ആദ്യ ഗ്രന്ഥമായിരുന്നു. 2013-ലെ കേരള ലളിതകലാ അക്കാദമി അവാര്‍ഡിന് ഗ്രന്ഥം അര്‍ഹമായി.

ചിത്രരചനയിലും ശില്‍പ്പരചനയിലും കലാസംവിധാനത്തിലും ചലച്ചിത്ര സംവിധാനത്തിലും കഥ-കവിതാ രചനകളിലും മാത്രമല്ല, ഇടപെടുന്ന എല്ലാ രംഗങ്ങളിലും അര്‍പ്പണ ബുദ്ധിയോടെ ആത്മാര്‍ഥമായും സത്യസന്ധമായുമുള്ള സമീപനമാണ് പുഷ്പരാജിന്റേത്. അതുതന്നെയാണ് ഒരേസമയം വൈവിധ്യമാര്‍ന്ന മേഖലകളില്‍ പ്രവര്‍ത്തിക്കുമ്പോഴും അനായാസവിജയം കൈവരിക്കുവാനാകുന്നത്.

Recent Posts

Leave a Comment

Contact Us

We're not around right now. But you can send us an email and we'll get back to you, asap.

Not readable? Change text. captcha txt
0

Start typing and press Enter to search