രാജാ രവിവര്‍മയുടെ കലയും ജീവിതവും

 In books

ഗ്രന്ഥനിരൂപണം / കാരക്കാമണ്ഡപം വിജയകുമാര്‍

രാജാ രവിവര്‍മയുടെ കലയും ജീവിതവും അടുത്തറിയാന്‍ സഹായിക്കുന്ന ഗ്രന്ഥമാണ് നേമം പുഷ്പരാജ് രചിച്ച ‘രാജാ രവിവര്‍മ: കല,കാലം,ജീവിതം’. രാജാ രവിവര്‍മയ്ക്ക് മുന്‍പും പിന്‍പുമുള്ള ചിത്രകലാചരിത്രം, കിളിമാനൂര്‍ കൊട്ടാരവും സാമൂഹിക ചുറ്റുപാടുകളും രാജാ രവിവര്‍മയുടെ സ്ത്രീഭാവങ്ങള്‍, ഓളിയോഗ്രാഫ് പ്രിന്റുകള്‍, രവിവര്‍മയുടെ ആദ്യകാല രേഖാചിത്രങ്ങള്‍, അദ്ദേഹം രചിച്ച ശ്ലോകങ്ങള്‍ തുടങ്ങി രാജാ രവിവര്‍മയുടെ രചനകള്‍ക്ക് സമാനമായ പ്രമേയവും രചനാസങ്കേതങ്ങളുമടക്കം നിരവധി ചിത്രങ്ങളുടെ പിന്‍ബലത്തോടെയുള്ള അവതരണമാണ് ഈ പുസ്തകത്തിന് പൂര്‍ണത നല്‍കിയിരിക്കുന്നത്.
വിശ്വോത്തര ചിത്രകാരനായ രാജാ രവിവര്‍മ കലാലോകത്തോട് വിടപറഞ്ഞിട്ട് 108 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ സമാഹരിച്ച്, അവയ്ക്ക് വേണ്ടത്ര സംരക്ഷണം നല്‍കുകയും അദ്ദേഹത്തിന്റെ കലയെയും ജീവിതത്തെയും കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ ഉണ്ടാവുകയും ചെയ്യേണ്ട സാഹചര്യത്തിലാണ് ഈ ഗ്രന്ഥത്തിന്റെ പ്രസക്തിയേറുന്നത്. രാജാ രവിവര്‍മയുടെ അത്യപൂര്‍വങ്ങളായ പെയിന്റിങ്ങുകളുള്‍പ്പെടെ നിരവധി രചനകളുമായിട്ടാണ് കേരളാ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ആധുനിക ഭാരതീയ ചിത്രകലയുടെ ഉപജ്ഞാതാക്കളില്‍ പ്രമുഖനായ രാജാ രവിവര്‍മ എന്ന ചരിത്രപുരുഷന്റെ ചിത്രകലാനിപുണതയെക്കുറിച്ചും ഭാരതീയ പൈതൃകങ്ങളുടെ പുനരാവിഷ്‌കാരത്തിലെ പ്രത്യേകതകളെക്കുറിച്ചും പൂനെയില്‍ സ്ഥാപിച്ച ഓളിയോഗ്രാഫിക് പ്രസ്സിനെക്കുറിച്ചും ഉന്നത രാജസദസ്സുകളില്‍ നിന്നും ലഭിച്ച കീര്‍ത്തിമുദ്രകളെക്കുറിച്ചും ഈ പുസ്തകത്തില്‍ ചിത്രങ്ങള്‍ സഹിതം സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്.
1757-ല്‍ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ബംഗാളിലെ ഒരു പ്രവിശ്യയിലെ അധികാരം പിടിച്ചെടുത്തതോടെ ഭാരതത്തില്‍ ബ്രിട്ടീഷ്് ആധിപത്യത്തിന് തുടക്കം കുറിച്ചു. സര്‍വമേഖലയിലും കടന്നുകയറിയ ബ്രിട്ടീഷ് ആധിപത്യം കലാരംഗത്തും സജീവമായി; പ്രത്യേകിച്ചും ചിത്രകലയില്‍, 1750-നും 1850-നുമിടയിലുള്ള കാലത്ത് നിരവധി പാശ്ചാത്യ ചിത്രകാരന്മാര്‍ ഭാരതത്തിലെത്തി ചിത്രരചന നടത്തിയിരുന്നു. അങ്ങനെ ഭാരതത്തില്‍ എണ്ണച്ചായരചനാരീതി പ്രചാരമായ കാലത്താണ് തിരുവിതാംകൂറില്‍ രവിവര്‍മ കലാസപര്യ തുടങ്ങുന്നത്. രാജകൊട്ടാരത്തില്‍ വരുന്ന വിദേശചിത്രകാരന്മാരുടെ എണ്ണച്ചായരചനാരീതികള്‍ കണ്ടുമനസ്സിലാക്കിയ രവിവര്‍മപ്രസാദാത്മകമായ നിറങ്ങളിലൂടെ പുതിയൊരു ചിത്രതലം സൃഷ്ടിച്ചു. നമ്മുടെ നാടിന്റെ സംസ്‌കാരവും പാരമ്പര്യവും ഉള്‍ക്കൊള്ളുന്ന ചുമര്‍ചിത്രങ്ങള്‍, ധൂളീചിത്രങ്ങള്‍, അനുഷ്ഠാന – നാടന്‍ കാലാരൂപങ്ങള്‍ എന്നിവയില്‍ നിന്ന് സ്വാംശീകരിച്ചെടുത്ത രൂപനിര്‍മിതികളാണ് രവിവര്‍മ സ്വീകരിച്ചത്. നിഴലിന്റെയും വെളിച്ചത്തിന്റെയും തിളക്കമാര്‍ന്ന വര്‍ണപ്രയോഗങ്ങളാണ്. രവിവര്‍മച്ചിത്രങ്ങള്‍ ശ്രദ്ധേയങ്ങളായതിന്റെ നാള്‍വഴികള്‍ യഥാതഥമായി പുസ്തത്തില്‍ അവതരിപ്പിക്കുന്നു. നാടിന്റെ സംസ്‌കാരത്തിലൂടെയും തത്വചിന്ത, പുരാണേതിഹാസങ്ങള്‍, കാവ്യങ്ങള്‍ എന്നിവയിലൂടെയും വളര്‍ന്നുവന്ന സംസ്‌കൃതിയാണ് രവിവര്‍മച്ചിത്രത്തിലെ സ്വാധീനമായി കാണുന്നതെന്നും ഗ്രന്ഥകര്‍ത്താവ് അടിവരയിടുന്നു. സാഹിത്യവും ദൃശ്യകലയും തമ്മിലുള്ള ഇഴചേരല്‍ രാജാ രവിവര്‍മയുടെ പുരാണേതിഹാസരചനകളില്‍ കാണാം.
നിഴലിന്റെയും വെളിച്ചത്തിന്റെയും രവിവര്‍മശൈലിയെ ഈ ഗ്രന്ഥത്തില്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. വിദേശചിത്രകാരന്മാരില്‍ പ്രമുഖരായ പലരും (ഉദാ: റെം ബ്രന്റ്) നിഴലിന് ശക്തി കെടുക്കുമ്പോള്‍ രവിവര്‍മ്മ വെളിച്ചത്തിനാണ് പുതിയൊരു ചിത്രഭാഷ നല്‍കി, തിളക്കമാര്‍ന്നതാക്കിയത്. രവിവര്‍മച്ചിത്രങ്ങളിലെ ആടയാഭരണങ്ങളില്‍ ഈ തിളക്കം കാണാനാവുമെങ്കിലും ചിത്രതലത്തില്‍ അവ മറ്റു നിറങ്ങളുമായി ലയിച്ചുചേര്‍ന്ന് ചിത്രത്തിന്റെ മികവ് വര്‍ദ്ധിപ്പിക്കുന്നു. മേല്‍ സൂചിപ്പിച്ച വസ്തുതകള്‍ വിശദമാക്കുന്ന രേഖാചിത്രങ്ങളും ഒപ്പം ഉള്‍പ്പെടുത്തിയിട്ടുള്ളത് ശ്രദ്ധേയമാണ്.
രാജാ രവിവര്‍മയുടെ കലയും കലാജീവിതവും ദൃശ്യാനുഭവങ്ങളായി ഇണക്കിച്ചേര്‍ത്തുകൊണ്ടുള്ള അവതരണവും രൂപകല്‍പ്പനയുമാണ് ഈ ഗ്രന്ഥത്തിന്റെ മറ്റൊരു സവിശേഷത. അടുക്കോടും ചിട്ടയോടുംകൂടിയ ബോക്‌സുകള്‍ അവശ്യം വേണ്ട ചിത്രങ്ങളുടെ ലാളിത്യമാര്‍ന്ന നിറങ്ങളുടെ പിന്‍ബലത്തോടെ അവതരിപ്പിച്ചിട്ടുള്ളതും നേമം പുഷ്പരാജിന്റെ മികച്ച രൂപകല്‍പ്പനയുടെ ഭാഗമാകുന്നു. അതോടൊപ്പം, ഒരിക്കലും മങ്ങാത്ത ചിത്രങ്ങളിലൂടെ ആത്മാര്‍പ്പണം നടത്തിയ വിശ്വേത്തരനായ രാജാ രവിവര്‍മയുടെ ആത്മാവ് തൊട്ടറിയുന്ന ദൃശ്യാനുഭവം (വായനാനുഭവം) ഓരോ കലാസ്വാദകനും ലഭിക്കുന്നു എന്നതും ഈ ഗ്രന്ഥത്തിന്റെ വിജയമാണ്. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിനും ഗ്രന്ഥകര്‍ത്താവിനും അഭിമാനിക്കാനും ഗ്രന്ഥം വക നല്‍കുന്നു.

–സമകാലിക ജനപഥം – 2015 ജനുവരി 1

Recent Posts

Leave a Comment

Contact Us

We're not around right now. But you can send us an email and we'll get back to you, asap.

Not readable? Change text. captcha txt
0

Start typing and press Enter to search