കാനായിയുടെ ജീവിതശില്‍പ്പം

 In books

ഗ്രന്ഥനിരൂപണം / പ്രദീപ് പനങ്ങാട്

ആധുനിക മലയാളിയുടെ മാതൃഭൂമിക്ക് ഒരു പെരുന്തച്ചനേയുള്ളൂ. അത് കാനായി കുഞ്ഞിരാമനാണ്. മലയാൡയ ശില്‍പ്പസൗന്ദര്യത്തിന്റെ ആകാശനഗരിയിലേക്ക് നയിച്ചത് അദ്ദേഹമാണ്. കേരളത്തിന്റെ ജനപഥങ്ങളിലും ഹരിതതീരങ്ങളിലും കാലത്തില്‍ കൊത്തിയ ശില്‍പ്പപാതകള്‍ സൃഷ്ടിച്ച കാനായിയുടെ കലാജീവിതം കേരളീയ ശില്‍പ്പകലാചരിത്രത്തിലെ വിജയശിലാക്ഷേത്രമാണ്. മലമ്പുഴയുടെ ഗിരിനിരകള്‍ക്ക് മുകളില്‍ സൂര്യന്‍ വിടരുന്നതും ശംഖുമുഖത്തെ കടല്‍ത്തിരകള്‍ തീരം തേടുന്നതും കാനായിയുടെ ആത്മചോദനകളിലേക്ക്. പ്രകൃതിയുടെ സചേതന ജൈവസ്ഥലികളില്‍ ഇത്രയേറെ ശില്‍പ്പങ്ങള്‍ തീര്‍ത്ത മറ്റൊരു ശില്‍പ്പിയെ നമ്മുടെ കലാചരിത്രത്തില്‍ കണ്ടെത്താനാവുന്നില്ല.
അരനൂറ്റാണ്ടുകാലത്തെ അദ്ദേഹത്തിന്റെ ശില്‍പ്പാവിഷ്‌കാരങ്ങളുടെ, വര്‍ണവിന്യാസങ്ങളുടെ, ചിന്താധ്യാനങ്ങളുടെ അടയാളങ്ങളും ആത്മരേഖകളുമാണ് നേമം പുഷ്പരാജ് എഴുതിയ ‘കാനായി കുഞ്ഞിരാമന്‍: ബൃഹദാകാരങ്ങളുടെ ശില്‍പ്പി’. കാനായിയിലെ കലാസ്രഷ്ടാവിനെ കണ്ടെത്താനുള്ള ക്ഷണമാണ് ഈ പുസ്തകം.
ആയിരത്തിത്തൊള്ളായിരത്തി അമ്പതുകള്‍ മുതല്‍ ഇന്നുവരെയുള്ള കാനായിയുടെ ഓരോ ശില്‍പ്പവും നേമം പുഷ്പരാജ് പരിചയപ്പെടുത്തുന്നു. ഓരോ ശില്‍പ്പത്തിന്റെയും സൃഷ്ടിയിലേക്ക് നയിച്ച ആത്മചോദനങ്ങള്‍, സൗന്ദര്യവിചാരങ്ങള്‍, സ്വാധീനത്തിന്റെ അടയാളങ്ങള്‍ തുടങ്ങിയവ വിശദമായി അവതരിപ്പിക്കുന്നു. കാനായിയുടെ ശില്‍പ്പസൃഷ്ടികളുടെ കാലരേഖാക്രമത്തിലുള്ള സമഗ്രചിത്രമാണ് ഈ പുസ്തകത്തില്‍ നിന്ന് ലഭിക്കുന്നത്.
കെ.സി.എസ്. പണിക്കരുടെ പ്രകാശക്ഷേത്രത്തില്‍ നിന്ന് ലഭിച്ച പ്രചോദനമാണ് കാനായി കുഞ്ഞിരാമനെ ശില്‍പ്പകലയുടെ സര്‍ഗഭൂമിയില്‍ സജീവമായി നിര്‍ത്തിയത്. മദിരാശിയിലെ പഠനകാലത്തുതന്നെ ശ്രദ്ധേയമായ ശില്‍പ്പങ്ങള്‍ കാനായി കൊത്തിയെടുത്തിരുന്നു. ‘ദൈന്യത’ (1958), ‘ദമ്പതികള്‍’ (1958), ‘അമ്മ’ (1960) തുടങ്ങിയ ശില്‍പ്പങ്ങള്‍ ഇക്കാലത്ത് സൃഷ്ടിച്ചവയാണ് കാനായി പില്‍ക്കാലത്ത് കൊത്തിയെടുത്ത മഹാശില്‍പ്പങ്ങളിലേക്കുള്ള സര്‍ഗസഞ്ചാരത്തിന്റെ തുടക്കം ഈ ശില്‍പ്പങ്ങളിലുണ്ട്. കേരളീയ ദൃശ്യകലാപാരമ്പര്യത്തിന്റെയും ആധുനിക സൗന്ദര്യവിചാരങ്ങളുടെയും സമന്വയം അന്നേ ശില്‍പ്പങ്ങളില്‍ അടയാളവാക്യമായി മാറിയിട്ടുണ്ട്.
മലയാളികള്‍ കാനായിയെ കണ്ടെത്തുന്നത്, എല്ലാ അര്‍ഥത്തിലും ‘യക്ഷി'(1969)യിലൂടെയാണ്. 1970-ല്‍ എറണാകുളത്ത് അമ്പലമേടില്‍ സ്ഥാപിച്ച ‘ഉര്‍വരത’ എന്ന ശില്‍പ്പം പുതിയ ശില്‍പ്പകലാസഞ്ചാരത്തിന് തുടക്കമിട്ടു. പ്രപഞ്ചത്തിലെ ജൈവസ്പന്ദനത്തിന്റെ ശില്‍പ്പാവിഷ്‌കാരമാണത്. സ്ത്രീ-പുരുഷസംയോഗത്തിന്റെ ഊര്‍ജകാന്തിയാണ് ഈ സൃഷ്ടിയുടെ ചൈതന്യകേന്ദ്രം. ദ്രാവിഡകലാപാരമ്പര്യത്തിലെ ആകാരചാരുതയും അനുഷ്ഠാനകലാസമര്‍പ്പണങ്ങളിലെ ദൃശ്യവിന്യാസങ്ങളും സമന്വയിപ്പിച്ചതാണ് ഈ ശില്‍പ്പം. ഇതിന്റെ തുടര്‍ച്ചയാണ് 1973-ല്‍ രൂപപ്പെടുത്തിയ ‘മുക്കോലപെരുമാള്‍’.
തിരുവനന്തപുരത്തെ വേളി കായലോരം കാനായിയുടെ ആത്മസഞ്ചാരത്തിന്റെ ആവിഷ്‌കാരതീരമാണ്. ശില്‍പ്പകലാപ്രപഞ്ചത്തിലെ ആകാരവൈവിധ്യങ്ങളും ആവിഷ്‌കാരസൂക്ഷ്മതകളും ദൃശ്യചാരുതകളും വിചാരപരിണതികളും മനസ്സിലാക്കാനുള്ള ഒരു മഹത്തായ ശില്‍പ്പശാലയാണ് വേളി.
സന്ദര്‍ശകരുടെ ആഹ്ലാദതീരമായ ശംഖുമുഖത്തെ ഒരു ‘സാഗരകന്യക’യുടെ രൂപലാവണ്യത്തിലേക്ക് മാറ്റിയെടുത്തത് കാനായിയാണ്. കടലിന്റെ ഉന്മാദാവേശങ്ങളും കുതിച്ചും തളര്‍ന്നും തീരത്തെത്തുന്ന തിരകളുടെ ചലനവേഗങ്ങളും ആകാശത്തിന്റെ ആസക്തിഭേദങ്ങളും ഒന്നിക്കുന്നതാണ് ‘സാഗരകന്യക’ (1992). കാലാന്തരങ്ങളിലൂടെ കടന്നുവന്ന കടലിനെ ഒരു ശില്‍പ്പത്തിന്റെ സൗന്ദര്യസാന്നിധ്യംകൊണ്ട് സഞ്ചാരികളുടെ മറക്കാനാവാത്ത ആത്മതീരമാക്കി മാറ്റുകയാണ് കാനായി.
കാനായി കുഞ്ഞിരാമന്‍ കേരളീയര്‍ക്ക് ജനപ്രിയശില്‍പ്പിയാണെങ്കിലും ഒരു ചിത്രകാരന്റെ ജീവിതപരിസരംകൂടി അദ്ദേഹത്തിനുണ്ട്. കാനായി എന്ന ചിത്രകാരനെയും നേമം പുഷ്പരാജ് ഇവിടെ പരിചയപ്പെടുത്തുന്നു. കെ.സി.എസ്. പണിക്കരുടെ ശിഷ്യനായ കാനായി, ചിത്രകലയിലും ഇടയ്‌ക്കൊക്കെ സജീവമായിരുന്നു. പാരമ്പര്യത്തിന് നിഴലും വെളിച്ചവും വീണ, വാക്കുകളും പ്രതീകങ്ങളും പതിഞ്ഞ കെ.സി.എസ്സിന്റെ ചിത്രങ്ങളുടെ സ്വാധീനം കാനായിയുടെ സൃഷ്ടികൡും കാണാം. പുഷ്പരാജ് എഴുതുന്നു, ”ചിത്രങ്ങളില്‍ ഉത്തര കേരളത്തിലെ നാടന്‍ കലാരൂപങ്ങളില്‍നിന്ന് സ്വാംശീകരിച്ച ബിംബങ്ങള്‍ ആദ്യകാലത്തും പില്‍ക്കാലത്തും ഇടകലര്‍ന്ന് കാണാം. സൈന്ധവചിഹ്നങ്ങള്‍ ചില ചിത്രങ്ങള്‍ വിഷയമായിട്ടുണ്ട്.” കാനായിയുടെ രേഖാചിത്രങ്ങളും പുസ്തകത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. കേരളീയ ആസ്വാദകര്‍ക്ക് ഈ ചിത്രങ്ങള്‍ അപരിചിതമാണ്. ശില്‍പ്പരചനയുടെ പ്രാഥമികചോദനകളായി ഈ ചിത്രങ്ങളെ കാണാമെന്ന് തോന്നുന്നു. പുഷ്പരാജ് എഴുതുന്നു, ”കാനായിയുടെ രേഖാചിത്രങ്ങളില്‍ ചിത്രകാരന്റെ സമീപനത്തേക്കാള്‍ തെളിയുന്നത് ശില്‍പ്പരൂപം തേടുന്ന രേഖകളാണ്. ഇവ ദ്വിമാനതലചിത്രങ്ങളുടെ സാധ്യതകളെക്കാള്‍ ത്രിമാനതലം തേടുന്ന കൃത്യരൂപങ്ങളിലേക്കാണ് നയിക്കുന്നത്.”
1937-ല്‍ കാസര്‍കോട് ജില്ലയിലെ കുട്ടമത്ത് ഗ്രാമത്തില്‍ പിറന്ന കുഞ്ഞിരാമന്‍, ‘കാനായി കുഞ്ഞിരാമന്‍’ എന്ന വിശ്രുത ശില്‍പ്പിയാകുന്നത് സ്വന്തം ജീവിതപരിമിതികളോട് പടപൊരുതിയാണ്. അച്ഛന്റെ ശാസനകളെ ലംഘിച്ച്, ദാരിദ്ര്യത്തിന്റെ തീരാവ്യഥകളെ സാഹസികമായി നേരിട്ട്, കാലത്തിന്റെ നിസ്സംഗതയെ വെല്ലുവിളിച്ചാണ് കാനായിയിലെ കുഞ്ഞിരാമന്‍ കലാജീവിതം പടുത്തുയര്‍ത്തിയത്. മനസ്സില്‍ കോറിയിട്ട ആ അനുഭവ തീക്ഷ്ണതയുടെ ആഴങ്ങള്‍ ഈ പുസ്തകത്തില്‍ അവതരിപ്പിക്കുന്നു. വിദ്യാഭ്യാസം, ആശയങ്ങളുടെ രൂപപ്പെടല്‍, സര്‍ഗബന്ധങ്ങളുടെ ഊഷ്മളത തുടങ്ങിയവ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഏകാന്തതയിലെ ധ്യാനനിമിഷങ്ങള്‍, ചിന്തകളുടെ രൂപീകരണസന്ദര്‍ഭങ്ങള്‍കൂടിയാണ്. കാനായിയുടെ കലാചിന്തകളും പുസ്തകത്തിലുണ്ട്. കാനായി എഴുതുന്നു, ”കലാകാരന്റെ പുറംലോകവും അകംഭാവനയും ആത്മരതിയില്‍ വിജൃംഭിക്കുമ്പോഴാണ് കലാസൃഷ്ടി സംഭവിക്കുന്നത്.” പ്രകൃതിയുടെ സചേതന ജീവിതമുഖങ്ങള്‍ ശില്‍പ്പത്തിന്റെ ആത്മാവാക്കിയ ശില്‍പ്പി ഇങ്ങനെ എഴുതുന്നു: ”എന്റെ ഗുരു പ്രകൃതിയാണ്. പ്രകൃതിയെ അറിയുക എന്നാല്‍ത്തന്നെ അറിയുക എന്നാണര്‍ഥം. നമ്മിലെ പ്രകാശത്തെ സ്വയം കണ്ടെത്തണം. അതാണ് ആത്മപ്രകാശം. പ്രപഞ്ചത്തെ കലാസൃഷ്ടിയായി കാണണം”. ഇത്തരം ചിന്തകളെ സൃഷ്ടിക്കുന്ന ധ്യാനനിമിഷങ്ങളാവാം, കാനായിയെ ഒരു കവികൂടിയാക്കി മാറ്റുന്നത്. കാനായിയുടെ കവിതകളില്‍ ചിന്തകളുടെ പ്രകാശകിരണങ്ങളാണുള്ളത്.
വായനയുടെ ആഹ്ലാദത്തിനപ്പുറം, ശില്‍പ്പിയുടെ കലാപ്രപഞ്ചത്തിന്റെ ദൃശ്യപഥങ്ങളുടെ സമഗ്രാനുഭവം കൂടിയാണ്, ‘കാനായി കുഞ്ഞിരാമന്‍: ബൃഹദാകാരങ്ങളുടെ ശില്‍പ്പി’. കാനായിയുടെ കലാലോകത്തേക്ക് തുറന്നിട്ട ജാലകമാണിത്. ശില്‍പ്പങ്ങളെക്കുറിച്ചുള്ള വിചിന്തനങ്ങള്‍ക്കും സംവാദങ്ങള്‍ക്കും അനുഭവങ്ങള്‍ക്കുമുള്ള ഉദാരമായ ക്ഷണംകൂടിയാണിത്.

Recent Posts

Leave a Comment

Contact Us

We're not around right now. But you can send us an email and we'll get back to you, asap.

Not readable? Change text. captcha txt
0

Start typing and press Enter to search